പശുക്കളുമായി എത്തിയ ലോറി കാറില്‍ ഇടിച്ച് അപകടം; ഹിന്ദുത്വര്‍ ലോറി ഡ്രൈവറേയും തൊഴിലാളികളേയും മര്‍ദ്ദിച്ചു (വീഡിയോ)

Update: 2026-02-24 16:09 GMT

ഹൈദരാബാദ്: പശുക്കളുമായി പോയ ലോറി കാറില്‍ ഇടിച്ച് അപകടം. ഹൈദരാബാദില്‍ അരാംഘര്‍ ക്രോസ് റോഡിന് സമീപമുള്ള പില്ലര്‍ നമ്പര്‍ 311ന് സമീപമാണ് അപകടമുണ്ടായത്. ലോറിയില്‍ പശുക്കളാണെന്ന് കണ്ടതോടെ നൂറുകണക്കിന് ഹിന്ദുത്വര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചു വിട്ടു. ജയ് ശ്രീരാം വിളികളുമായി എത്തിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറേയും സഹായികളേയും ക്രൂരമായി മര്‍ദ്ദിച്ചു.

പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായതോടെ സ്ഥലത്തെത്തിയ പോലീസ് പട്രോള്‍ സംഘം ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഗതാഗതം സാധാരണ നിലയിലാക്കി. ഏകദേശം 400ഓളം പേര്‍ സ്ഥലത്ത് കൂടിയെന്നും ''ജയ് ശ്രീ റാം'' മുദ്രാവാക്യം വിളിച്ചുകൊണ്ട് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചതായും പോലീസ് അറിയിച്ചു.


മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പറുള്ള ലോറിയിലാണ് പശുക്കളെ കൊണ്ടുപോയതെന്ന് അട്ടപ്പൂര്‍ പോലിസ് അറിയിച്ചു. 'ഡ്രൈവറും രണ്ട് സഹായി തൊഴിലാളികളും പശുക്കളെ ശദ്നഗറിലെ കന്നുകാലി മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു,'

മൂന്നുപേരെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലിസ് അറിയിച്ചു. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനിടെ ഹിന്ദുത്വര്‍ കടത്തിക്കൊണ്ട് പോയ പശുക്കളെ ജിയാഗുഡയിലെ ശ്രീ സമര്‍ത്ഥ് കാമദേനു ഗോശാലയിലേക്ക് എത്തിച്ചതായും പോലിസ് പറഞ്ഞു.