തടങ്കല്‍ പാളയനിര്‍മ്മാണം: മുഖ്യമന്ത്രി മറുപടി പറയണം- സോഷ്യല്‍ ഫോറം

Update: 2021-06-10 13:33 GMT

ദോഹ: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തടങ്കല്‍ പാളയങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരള ജനതയ്ക്ക് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നതെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

സിഎഎയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കേരളത്തില്‍ സിഎഎ നടപ്പാക്കില്ല എന്നായിരുന്നു. എന്നാല്‍, ഈ കൊവിഡ് മഹാമാരിക്കിടയിലും സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ദുരൂഹത നിറഞ്ഞതാണ്. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പാണ് കാറ്റില്‍ പറത്തിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭാ പ്രമേയം പാസാക്കിയത് എന്തിനായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സര്‍ക്കാരിന്റെ ഈ തീരുമാനം ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പൗരന്മാരെ ഭീതിയിലാഴ്ത്താന്‍ മാത്രമേ സര്‍ക്കാരിന്റെ ഈ നീക്കം ഉപകരിക്കുകയുള്ളൂ. ഇപ്പോള്‍ പുറത്തുവന്ന സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടറുടെ വിജ്ഞാപനം സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Similar News