'നിസ്‌കാരം കാരണം ഗതാഗതകുരുക്ക്'; തെറ്റായ വാര്‍ത്ത നല്‍കിയ സീ ന്യൂസിന് പിഴയിട്ട് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി

Update: 2026-02-18 18:19 GMT

ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവര്‍ റോഡില്‍ നമസ്‌കരിച്ചതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായെന്ന വ്യാജ വീഡിയോ സ്‌റ്റോറി സംപ്രേക്ഷണം ചെയ്ത സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ് തെറ്റായ വാര്‍ത്ത നല്‍കിയതിന് സീ ന്യൂസിന് പിഴയിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വീഡിയോയുടെ ആധികാരികത പരിശോധിക്കാതെ സീ ന്യൂസ് വ്യാജ വാര്‍ത്ത നല്‍കുകയായിരുന്നു. ജമ്മുശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട 'ട്രക്ക് പര്‍ നമാസ്' എന്ന വാര്‍ത്തയാണ് വ്യാജമായി നല്‍കിയത്. 2025 മാര്‍ച്ച് 3, 4തിയ്യതികളില്‍ ''ട്രക്ക് പര്‍ നമാസ്... ജമ്മുവില്‍ പുതിയ ബഹളം'' എന്ന തലക്കെട്ടില്‍ സീ ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്.

ഒരു മുസ് ലിം ട്രക്ക് ഡ്രൈവര്‍ നടുവഴിയില്‍ നമസ്‌കാരം നടത്തിയതിനാലാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത അവതരിപ്പിച്ചത്.എന്നാല്‍, ഫാക്ട് ചെക്കുകളും ട്രാഫിക് അഡൈ്വസറികളും പ്രകാരം ശക്തമായ കാലാവസ്ഥയും മണ്ണിടിച്ചിലുമാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. സാധാരണ ഗതാഗത പ്രശ്‌നത്തെ മതപരമായി വര്‍ണ്ണിച്ച് തെറ്റിദ്ധാരണ പരത്തിയെന്നായിരുന്നു പരാതി. ജസ്റ്റിസ് എ.കെ. സിക്രി (റിട്ട.) അധ്യക്ഷനായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പുറപ്പെടുവിച്ച പൊതുആദേശത്തിലാണ് നടപടി. വീഡിയോ വൈറലായിരുന്നുവെന്നും, അതിന്റെ ആധികാരികത സ്ഥിരീകരിക്കാത്തതാണെന്ന് സംപ്രേഷണ സമയത്ത് വ്യക്തമാക്കിയിരുന്നുവെന്നും സീ ന്യൂസ് അറിയിച്ചു. പിന്നീട് വീഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ അത് നീക്കം ചെയ്തതായും ചാനല്‍ വിശദീകരിച്ചു.

സംപ്രേഷണത്തിന് മുമ്പ് ഉള്ളടക്കം പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍ കൂടുതല്‍ പിഴ ചുമത്താമായിരുന്നുവെങ്കിലും, പിന്നീട് വീഡിയോ നീക്കം ചെയ്ത കാര്യം പരിഗണിച്ചാണ് 1 ലക്ഷം പിഴ വിധിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി.സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഉള്ളടക്കങ്ങളില്‍ ആശ്രയിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകളും എ.ഐ. നിര്‍മിത ഡീപ്ഫേക്കുകളും പടരാനുള്ള സാധ്യതയുണ്ടെന്ന് അതോറിറ്റി വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും സംപ്രേഷണത്തിന് മുന്‍പ് നിര്‍ബന്ധമായും പരിശോധിക്കണം. കഴിയുന്നിടത്ത്, ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്, ദൃക്സാക്ഷികള്‍, പോലിസ്, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ വിശ്വാസ്യതയുള്ള ഉറവിടങ്ങള്‍ വഴി സ്ഥിരീകരണം നടത്തണം. ചിത്രങ്ങളോ വീഡിയോകളോ മാറ്റം വരുത്തിയതാണോ, എ.ഐ. നിര്‍മിതമാണോ എന്നതും പരിശോധിക്കേണ്ടതാണ്. ആധികാരികമായ ഉള്ളടക്കം പോലും സന്ദര്‍ഭത്തിന് പുറത്തായി അവതരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഈ വീഡിയോയുടെ സത്യാവസ്ഥ ചാനൽ സ്ഥിരീകരിക്കുന്നില്ല" എന്ന് വെറുതെ ഒരു ഡിസ്ക്ലൈമർ നൽകിയത് കൊണ്ട് മാത്രം ചാനലുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.