ട്വന്റി-20 ലോകകപ്പ്; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി ശിവം ഡുബൈ; നെതര്‍ലന്‍ഡ്സിന് 194 റണ്‍സ് വിജയലക്ഷ്യം

Update: 2026-02-18 15:49 GMT

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 194 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 സ്‌കോര്‍ ചെയ്തത്.31 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടിയ ഡുബെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് അഭിഷേക് ഡക്കാകുന്നത്. പിന്നാലെ ഫോമിലുള്ള ഇഷാന്‍ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റണ്‍സില്‍ താരവും മടങ്ങി. 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്.

9 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 69 എന്ന നിലയിലായ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് (28 പന്തില്‍ 34) തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യന്‍ ഇന്നിങ്സിന്റെ വേഗം കൂട്ടി 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. അവസാന ഔവറുകളില്‍ ദുബെയ്ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു.




Tags: