ഇന്ത്യ ഭരിക്കുന്നവര്‍ മനുഷ്യരെ കേള്‍ക്കാത്ത കോര്‍പ്പറേറ്റ് സേവക് സംഘമായി മാറി: സാദിഖലി തങ്ങള്‍
കോഴിക്കോട്: ഇന്ത്യ ഭരിക്കുന്നവര്‍ മനുഷ്യരുടെ നിലവിളികള്‍ കേള്‍ക്കാതെ കോര്‍പ്പറേറ്റ് സേവക സംഘമായി മാറിയതായി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തില്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ പ്രതിഷേധത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രകുറിപ്പിലാണ് തങ്ങള്‍ ഇക്കാര്യം സൂചിപ്പിച്ചത്.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡേ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌ക്കരണങ്ങള്‍ വംശീയവും മനുഷ്യാവകാശ വിരുദ്ധവുമാണ്. ദ്വീപുകളുടെ സമഗ്ര വികസനമാണ് ലക്ഷ്യം എന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്. അതാവട്ടെ ഇന്ത്യ ഭരിക്കുന്നവരുടെ ലക്ഷദ്വീപിലെ പ്രതിനിധികള്‍ തന്നെ തള്ളിക്കളഞ്ഞതാണ്. ദ്വീപിലെ പ്രകൃതി സൗന്ദര്യത്തില്‍ മാത്രം കണ്ണു വെച്ച കോര്‍പ്പറേറ്റുകളും
മനുഷന്റെ നിലവിളി കേള്‍ക്കാത്ത ഭരണകൂടവും തമ്മിലുളള കൂട്ടുകച്ചവടത്തിന്റെ പ്രത്യാഘാതത്താല്‍ ലക്ഷദ്വീപ് നിവാസികള്‍ അതിജീവനത്തിനു വേണ്ടി പോരാടുകയാണ്. ആ ജനതക്ക് പിന്തുണയും ഭരണകൂട അന്യായങള്‍ക്കെതിരെയുള്ള പ്രതിഷേധവും എല്ലാ ഭാഗത്തും ഉയര്‍ന്നു വരേണ്ടതുണ്ട്. ആ ജനതയുടെ ഉപജീവനമാര്‍ഗം തകര്‍ക്കുകയും ഉദാത്തമായ അവരുടെ സംസ്‌കാരം നശിപ്പിക്കുകയും ചെയ്യുന്നു. സമാധാന ജീവിതം നയിക്കുന്ന അവരുടെ മേല്‍ അന്യായമായി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും
അവരുടെ ജീവിതത്തിനുമേല്‍ കോര്‍പ്പറേറ്റ് ചൂഷകര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്കും ആവിഷ്‌ക്കാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി തുടങ്ങിയിരിക്കുന്നു. അധിനിവേശ ശക്തികളുടെ ചരിത്രത്തില്‍ നിന്നുള്ള വായനയല്ല ഇതൊന്നും. നമ്മുടെ ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ലക്ഷദ്വീപിലെ പൗരന്‍മാര്‍ക്കുമേല്‍ അഡ്മിനിസ്ട്രേറ്ററുടെ അപരിഷ്‌കൃതമായ പുതിയ പരിഷ്‌കാരങ്ങളാണ് ഇത്.
ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച കാശ്മീരിന്റെ ഇന്നത്തെ സ്ഥിതി എന്താണ്. ദയനീയമായ അത്തരം ദൗര്‍ഭാഗ്യം ലക്ഷദ്വീപുകാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടിയുള്ള പ്രതിഷേധ ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുകയാണ് ഭരണകൂടം. ദ്വീപ് നിവാസികളെ അപരിഷ്‌കൃതരായി ചിത്രീകരിക്കുന്ന പ്രചരണങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടപ്പിലാക്കുകയും ചെയ്യുന്നു.
തങ്ങള്‍ കടന്നു കയറാന്‍ ഉദ്ധേശിക്കുന്ന ജനസമൂഹത്തെ അപരിഷ്‌കൃതരാക്കി ചിത്രീകരിച്ച് അവിടെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ പോവുകയാണ് എന്ന വ്യാജം സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി പയറ്റുന്ന അടവാണ്. സിയോണിസ്റ്റ് സാമ്രാജ്യത്വ ഫാസിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന പ്രചരണങ്ങളുടെ ഒരേ രീതി ശാസ്ത്രം യാതൃശ്ചികമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. അന്യായങ്ങളെ ചെറുത്തു നില്‍ക്കുക എന്നത് ഭാരതത്തിന്റെ ജൈവിക സ്വഭാവമാണ്.
പൗരത്വ പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് വിഷയത്തില്‍ നമ്മുടെ കലാക്കാരന്‍മാരും നല്‍കിയിട്ടുള്ള ഊര്‍ജ്ജം വളരെ വിലപ്പെട്ടതാണ്. ലക്ഷദ്വീപിനെ രക്ഷിക്കാന്‍ ലക്ഷദ്വീപുകാര്‍ക്ക് വിശ്വാസമില്ലാത്ത ലക്ഷദ്വീപുകാരെ വിശ്വാസമില്ലാത്ത അഡ്മിനിസ്‌ടേറ്ററെ തിരിച്ച് വിളിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

