പിത്തോറഗഡ്: സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ ഉത്തരാഖണ്ഡിലെ ബല്‍ദ്വാനി സുശീല തിവാരി മെഡിക്കല്‍ കോളജിലെ രണ്ടു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ സണ്ണി സിംഗ് (25), തോലി ഗ്രാമവാസിയായ ഹിമാനി ബോറ (23) എന്നിവരാണ് പിടിയിലായത്.
പിത്തോറഗഡിലെ ജൗള്‍ജിബി മേഖലയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റേഡിയോളജി വിദ്യാര്‍ഥിനിയായ ഹിമാനി ബോറ സ്വന്തം ഗ്രാമം സന്ദര്‍ശിക്കാനായി സുഹൃത്തായ സണ്ണി സിങിനൊപ്പം എത്തിയതാണെന്ന് പോലിസ് അറിയിച്ചു. വയലിലേക്ക് ജോലിക്ക് പോകുകയായിരുന്ന മംമ്ത ദേവി എന്ന സ്ത്രീയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണമാലയും മൊബൈല്‍ഫോണും തട്ടിയെടുക്കുകയായിരുന്നു.
മംമ്ത ദേവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൗള്‍ജിബി പോലിസ് നടത്തിയ അന്വേഷണത്തിനിടെ ഗോരി നദിക്ക് സമീപമുള്ള പാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി പിത്തോറഗഡ് എസ്പി അക്ഷയ് പ്രഹ്ലാദ് കോണ്ടെ അറിയിച്ചു.