ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു; 16 പേര്‍ ആശുപത്രിയില്‍

Update: 2021-05-29 05:56 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബാറുടമയുള്‍പ്പടെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ജില്ലാ മജിസ്‌ട്രേറ്റ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജമദ്യം വിറ്റ ബാര്‍ അധികൃതര്‍ അടച്ചുപൂട്ടി. ബാറില്‍ നിന്നും പരിശോധനയ്ക്കായി സാമ്പിളികുകള്‍ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ ബാര്‍ ഉടമയേയും സഹായികളെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു.

വ്യാഴ്ചയോടെയാണ് ബാറില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ മദ്യം കഴിച്ചിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ വ്യാജമദ്യ റാക്കറ്റ് ശക്തമായിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗോരംഗ് ദേവ് ചൌഹാന്‍ ആരോപിച്ചു.

Similar News