തൃശൂര്‍ ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര നടപടി
തൃശൂര്‍: ജില്ലയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണെന്നും അസാധാരണ സാഹചര്യത്തില്‍ കൂട്ടായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി എ സി മൊയ്തീന്‍. ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.
കൊവിഡ് സാഹചര്യം വിശകലനം ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലയിലെ എം പിമാരുടെയും എം എല്‍ എമാരുടെയും പോലിസ്, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റ് ജനപ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഗവ. മെഡിക്കല്‍ കോളേജിലുമായി 247 ഐ സി യു കിടക്കകള്‍, 139 വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍, 1423 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ എന്നിവയുണ്ട്. പുതിയതായി 120 ഐ സി യു കിടക്കകളും 21 വെന്റിലേറ്ററുകളും 1400 ഓക്‌സിജന്‍ കിടക്കകളും സ്ഥാപിക്കും. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് നികത്താന്‍ എന്‍എച്ച്എം വഴിയോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ നടപടി സ്വീകരിക്കാം. ഘട്ടം ഘട്ടമായി കോവിഡ് ഇതര സൗകര്യങ്ങള്‍ കോവിഡിനായി മാറ്റും.
നിലവില്‍ ജില്ലയില്‍ 50,000 ത്തോളം കൊവിഡ് രോഗികളുണ്ട്. രോഗികളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയും മൂന്നാം കൊവിഡ് തരംഗ സാധ്യതയും കണക്കിലെടുത്ത് പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കും. വാര്‍ഡുതല ജാഗ്രതാ സമിതികളുടെയും ആര്‍ ആര്‍ ടികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. മതിലകത്ത് 800 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിക്കും ഇതില്‍ 500 എണ്ണം ഓക്‌സിജന്‍ കിടക്കകളായിരിക്കുമെന്ന് കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജനങ്ങളുടെ സഹായ സഹകരണത്തോടെ കൊവിഡ് ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കും.
ജില്ലയിലെ 26 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. 86% മുകളില്‍ ടി പി ആര്‍ ഉള്ള പഞ്ചായത്തുകളുമുണ്ട്. മൂന്ന് മുനിസിപ്പാലിറ്റികളില്‍ കൊവിഡ് രോഗികള്‍ 500 ന് മുകളിലാണ്. 72 പഞ്ചായത്തുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. ചില പഞ്ചായത്തുകളിലെ വലിയ തോതിലുള്ള രോഗവ്യാപനം മുന്‍കാലങ്ങളിലെ ജാഗ്രത കൈമോശം വന്നതിനാലാണെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും. ജില്ലയില്‍ ഇനിയും ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാത്ത സ്ഥലങ്ങളില്‍ ഉടന്‍ അവ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ അവശ്യസാധനങ്ങള്‍ ആര്‍ ആര്‍ ടികള്‍ വഴി വീടുകളില്‍ എത്തിച്ചു നല്‍കും. കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഗ്യാസ് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ മുന്‍കൈ എടുക്കണം.
മഴക്കാലപൂര്‍വ്വ ശുചീകരണവും ഇതോടൊപ്പം നടത്തണമെന്നും മഴക്കാല രോഗങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ പൊതുവായ പ്രശ്‌നങ്ങള്‍ എംപിമാരായ ബെന്നി ബെഹന്നാന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ എന്നിവര്‍ യോഗത്തില്‍ ഉന്നയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി തുടര്‍ന്നും മുന്നോട്ടുപോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയും റൂറല്‍ എസ്പി ജി പൂങ്കുഴലിയും പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ വാക്‌സിന്‍ അനിവാര്യമാണെന്ന് ഡിഎംഒ ഡോ കെ ജെ റീന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ചീഫ് വിപ്പ് കെ. രാജന്‍, എം എല്‍ എ മാരായി തിരഞ്ഞെടുക്കപ്പെട്ട മുരളി പെരുന്നെല്ലി, ഇ ടി ടൈസന്‍ മാസ്റ്റര്‍, പ്രൊഫ. ആര്‍ ബിന്ദു, എന്‍ കെ അക്ബര്‍, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, മേയര്‍ എം എം വര്‍ഗീസ്, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ടി വി സതീശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

