മലപ്പുറം ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി ഒരുങ്ങുന്നു

Update: 2026-02-27 14:25 GMT


മലപ്പുറം: ജനക്ഷേമവും അടിസ്ഥാന വികസനവും ലക്ഷ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് 2026 - 27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാര്‍ഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ.എ പി സ്മിജി അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിലെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും. കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പുന്നാരംഭിക്കും. വനിതകള്‍ക്ക് സൗജന്യ യാത്രക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സിറ്റി, മണ്ണ് - ജലം പരിശോധനാ ലാബുകള്‍, പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വീടും സ്ഥലവും, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക വേതനം, സ്മാര്‍ട്ട് മലപ്പുറം പദ്ധതി, പൈതൃക ശാല, വി.ആര്‍ ലാബുകള്‍, മഹിളാ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് ആക്‌സസ് ഓണ്‍ വീല്‍സ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, സമഗ്ര ടൂറിസം പദ്ധതി, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് ലാബുകള്‍, ലൈബ്രറി നവീകരണം എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കി. സ്ത്രീശാക്തീകരണ പദ്ധതികള്‍, സ്വയംതൊഴില്‍ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്ഷേമപദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തി.

കാന്‍സര്‍ ചികിത്സ ഇനി മലപ്പുറത്ത്

ജില്ലയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് തീരുമാനം. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റ് അഡ്വ.എ.പി സ്മിജിയും പറഞ്ഞു. ജില്ലയില്‍ നിന്നുള്ള കാന്‍സര്‍ രോഗികള്‍ മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും ചികിത്സയ്ക്കായി പോകേണ്ടി വന്നിരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയചുവടുവയ്പ്പ്. കാന്‍സര്‍ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തില്‍ ഒ.പി സേവനങ്ങളും സ്‌ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും. തുടര്‍ന്ന് മുഴുവന്‍ സൗകര്യങ്ങളോടുകൂടിയ ചികിത്സാ വിഭാഗം തുടങ്ങും.


വൃക്ക രോഗികള്‍ക്ക് ആശ്വാസം, കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിക്ക് പുതുജീവന്‍

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയങ്ങളെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ദുരിതത്തിലായ നിരവധി വൃക്ക രോഗികള്‍ക്ക് ഇത് ആശ്വാസമാകും. പുതിയ ഭരണസമിതിയുടെ ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുത്തിരുന്നു. രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനായി പഞ്ചായതുകള്‍ക്ക് വിഹിതം നല്‍കാന്‍ രണ്ട് കോടി രൂപയും സൗജന്യമായി മരുന്ന് നല്‍കാന്‍ ഒരു കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.


വനിതകള്‍ക്ക് ഇനി ബസില്‍ ടിക്കറ്റ് വേണ്ട

വനിതകള്‍ക്ക് ഇനി ബസില്‍ ടിക്കറ്റ് എടുക്കേണ്ട. സൗജന്യ യാത്രാ പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. കെ.എസ്.ആര്‍.ടി.സി ബസ് വാടകയ്ക്ക് എടുത്താണ് പദ്ധതി നടപ്പാക്കുക. വനിതകള്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ബസ് സര്‍വീസ് ഒരുക്കുക. ഇതിനായി പ്രാഥമിക ഘട്ടത്തില്‍ 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ അസ് ലു, ആലിപ്പറ്റ ജമീല, കെ.ടി അജ്മല്‍, അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.ടി അഷ്‌റഫ്, എന്‍.എ കരീം, സെക്രട്ടറി പി.എം രാജീവ്, ഫിനാന്‍സ് ഓഫീസര്‍ എം.മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.





Tags: