തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച; മാധ്യമം ജീവനക്കാരുടെ സമരം നിര്‍ത്തിവച്ചു

Update: 2026-02-27 14:51 GMT

തിരുവനന്തപുരം: മാധ്യമത്തിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാധ്യമം ജീവനക്കാരുടെ സമരം നിര്‍ത്തിവച്ചു. ശമ്പള വിതരണം ഉള്‍പ്പടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റും തൊഴിലാളി പ്രതിനിധികളും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

മാധ്യമത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴില്‍ പ്രശ്നങ്ങളെയും കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണറെ നിയോഗിക്കാന്‍ തീരുമാനിച്ചു, മാര്‍ച്ച് 15ന് ഒരു മാസത്തെ പൂര്‍ണ ശമ്പളവും ഏപ്രില്‍ 15ന് മറ്റൊരു പൂര്‍ണ ശമ്പളവും വിതരണം ചെയ്യും, ഈ കാലയളവില്‍ നടത്തിയ സ്ഥലംമാറ്റങ്ങളില്‍ ജീവനക്കാരുടെ ഭാഗം കൂടി കേട്ട് അനുകൂല സമീപനമുണ്ടാകണമെന്ന് മന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമം ജീവനക്കാര്‍ നടത്തിവരുന്ന സമരം നിര്‍ത്തിവെക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം യോഗ തീരുമാനപ്രകാരം ട്രേഡ് യൂണിയനുകളും അംഗീകരിച്ചു.

ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദീന്‍, സമരസമിതി ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍, ജനറല്‍ കണ്‍വീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ കെ എന്‍ ഗോപിനാഥ്, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജോര്‍ജ് തോമസ്, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സന്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, എംജെയു സെക്രട്ടറി സുല്‍ഹഫ്, ടി നിഷാദ്, എംഇയു പ്രസിഡന്റ് ഫസലു റഹ്‌മാന്‍, സെക്രട്ടറി കെ സജീവന്‍, മാധ്യമം സിഇഒ പി എം സ്വാലിഹ്, സിഎഫ്ഒ സിറാജ് അലി, എച്ച് ആര്‍ മാനേജര്‍ ആസിഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: