സേവാഭാരതി വളണ്ടിയര്‍മാരുടെ വാഹന പരിശോധന: പോലിസിന് വീഴ്ച്ച സംഭവിച്ചു

Update: 2021-05-11 04:44 GMT

പാലക്കാട്: ആര്‍എസ്എസ് പോഷക സംഘടനയായ സേവാഭാരതി വളണ്ടിയര്‍മാരെ യൂനിഫോമിട്ട് വാഹന പരിശോധനയ്ക്ക് നിയോഗിച്ചതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഔദ്യോഗിക സംവിധാനത്തിലുഉള്ള വളണ്ടിയര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താതെയാണ് നഗരസഭയോട് വളണ്ടിയര്‍മാരെ നല്‍കണമെന്ന് പോലിസ് ആവശ്യപ്പെട്ടത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ സന്നദ്ധ സേവനങ്ങള്‍ക്ക് വളണ്ടിയര്‍മാരെ ഉപയോഗിക്കുന്നത് പോലെയല്ല വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന. ക്രമസമാധനപാലനവും നിയമനടപടികളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സേവാഭാരതിയുടെ യൂണിഫോം ഉപയോഗിച്ചത്. ഇത് തടയുന്നതില്‍ പോലിസിന് വീഴ്ചപറ്റി.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ മറ്റാരെയും ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് പാലക്കാട്ടെ പോലിസിന്റെ നടപടി.

സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു സംഘടനയ്ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ ചേര്‍ത്ത് കേരളത്തില്‍ കമ്മ്യുണിറ്റി വളണ്ടിയേഴ്‌സ് എന്ന പേരില്‍ ഒരു സേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ പങ്കുചേരാനുള്ള അനുമതി. അതുപോലെ തന്നെ ക്രമസമാധാന പാലനത്തിനായി കൂടെപ്രവര്‍ത്തിക്കാന്‍ പോലിസ് തന്നെ ചില സ്ഥലങ്ങളില്‍ ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ ഏതെങ്കിലും സംഘടനയുടെ ഭാഗമായിട്ടല്ല ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്. അവരുടെ രാഷ്ട്രീയവും സംഘടനാ വിധേയത്വവും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലിസിനെ സഹായിക്കാന്‍ പോലിസ് ട്രെയിനികള്‍, എന്‍സിസി, സ്‌കൗട്ട് വളണ്ടിയര്‍മാര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ എന്നിവരെയാണ് ആദ്യം പരിഗണിക്കേണ്ടത്. എന്നാല്‍ പാലക്കാട് നഗരസഭയോട് വളണ്ടിയര്‍മാരെ ആവശ്യപ്പെടുകയാണ് പോലിസ് ചെയ്തത്. പോലിസ് തടയുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് വളണ്ടിയര്‍മാര്‍ ചെയ്യേണ്ടത്.

എന്നാല്‍ സേവാഭാരതി വളണ്ടിയര്‍മാര്‍ പോലിസിന്റെ അതേ അധികാരത്തില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുകയാണു ചെയ്തത്. സംഭവം വിവാദമായതോടെ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്താന്‍ പോലിസുകാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വളണ്ടിയര്‍മാര്‍ യാത്രക്കാരോട് മോശമായി പെരുമാറുന്നത് ക്രമസമാധന പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്.

ആര്‍എസ്എസ് പോഷക സംഘടനക്ക് വാഹന പരിശോധനക്ക് അനുമതി നല്‍കിയതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ആഭ്യന്തര വകുപ്പും പോലിസും ആര്‍എസ്എസ് ആണ് നിയന്ത്രിക്കുന്നതെന്ന് വിമര്‍ശകര്‍ പറഞ്ഞു. ശബരിമല സംഘര്‍ഷ സമയത്തും ആര്‍എസ്എസ് നേതാവിനെ ക്രമസമാധാന ചുമതല ഏല്‍പ്പിച്ച പോലിസ് നടപടിയുടെ ആവര്‍ത്തനമാണ് പാലക്കാട് നടന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

Similar News