മുസിരിസ് പൈതൃക പദ്ധതി: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി/ പെന്‍സില്‍ ചിത്രരചന മത്സരം

Update: 2021-04-17 09:19 GMT

തൃശൂര്‍: കേരളത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ പൈതൃക കാഴ്ചകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മുസിരിസ് പൈതൃക പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ മൊബൈല്‍ ഫോട്ടോഗ്രാഫി/ പെന്‍സില്‍ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്റെ പൈതൃകം എന്ന പേരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം നടത്തുന്നത്. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിയ്ക്ക് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മോമന്റോകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ വിജയികള്‍ക്ക് അവരുടെ കുടുംബത്തിനൊപ്പം മുസിരിസ് പദ്ധതിയുടെ വിനോദസഞ്ചാര പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് താമസസൗകര്യത്തോടു കൂടിയ ഒരുദിവസത്തെ പൈതൃക ബോട്ട് യാത്രയും ഒരുക്കും.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം മാത്രമാണ് മത്സരത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം. അന്യം നിന്നു പോകുന്ന പരമ്പരാഗത വിജ്ഞാന സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ പങ്ക് ഉറപ്പാക്കുക എന്നതുകൂടി പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഏപ്രില്‍ 18 ലോക പൈതൃക ദിനത്തില്‍ ആരംഭിക്കുന്ന ഈ മത്സരത്തിലേക്ക് മെയ് 5 വരെ അവരവരുടെ ചിത്രങ്ങളും മൊബൈല്‍ ഫോട്ടോയും വിവരണം സഹിതം അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037252480, 8075073938.

Similar News