ബൊളീവിയന്‍ സൈനിക വിമാനം തകര്‍ന്നു വീണു; 15 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്
ലാ പാസ്: ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം സൈനിക വിമാനം ദേശീയ പാതയില്‍ തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഹെര്‍ക്കുലസ് സി30 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. തുടര്‍ന്ന് ഹൈവേയിലുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങള്‍ തകരുകയും തീപിടിക്കുകയും ചെയ്തു.
സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള പുതിയ നോട്ടുകള്‍ മറ്റു നഗരങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു വിമാനം. അപകടസ്ഥലത്ത് ചിതറിക്കിടന്ന നോട്ടുകള്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ തിരക്ക് കൂട്ടിയത് പോലിസിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
വിമാനത്തില്‍ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അതില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.