തെഹ്റാന്‍: ഇറാന്‍ അമേരിക്ക മൂന്നാം ഘട്ട ആണവ ചര്‍ച്ചയും കരാറിലെത്താതെ പിരിഞ്ഞു. അമേരിക്കയുടെ കടുംപിടുത്തമാണ് കരാറിന് തടസ്സമാകുന്നത്. വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ യുഎസ് തയ്യാറായാല്‍ അനുകൂല നിലപാടെടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ആണവായുധം സ്വന്തമാക്കില്ലെന്ന് കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താന്‍ ഇറാന്‍ സന്നദ്ധത അറിയിച്ചതായും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി പറഞ്ഞു. ആണവ നിലയങ്ങളിലെ പരിശോധധനക്ക് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കാനും ഇറാന്‍ തയാറാണ്.
ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചതായി മധ്യസ്ഥ രാഷ്ട്രമായ ഒമാന്‍ അറിയിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം ഉടന്‍ തന്നെ അടുത്ത ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കും. അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കും.
അതേസമയം, ആണവ വിഷയത്തില്‍ ഇറാനുമായി തുടരുന്ന ചര്‍ച്ചയില്‍ സംതൃപ്തനല്ലെന്ന പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ചിലപ്പോള്‍ അത് അനിവാര്യമായി മാറുമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം സാഹസികമാണെന്നും നല്ല വിശ്വാസത്തോടെ ചര്‍ച്ച നടത്തുകയാണ് ഇറാന് അഭികാമ്യമെന്നും അദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വിയന്നയില്‍ ഇറാന്‍ -അമേരിക്ക സാങ്കേതിക ചര്‍ച്ച നടക്കാനിരിക്കെയാണ് തെഹ്‌റാനെതിരെ സൈനിക നടപടി വേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്.
ബന്ദികളാക്കിയ മുഴുവന്‍ അമേരിക്കന്‍ പൗരന്‍മാരെയും ഉടന്‍ വിട്ടയക്കണമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് ഇറാനോട് ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രായേല്‍ സന്ദര്‍ശിക്കും. യുദ്ധഭീതി ശക്തമായതോടെ ഇറാന്‍, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ യൂറോപ്പ് ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടിടങ്ങളിലേക്കും യാത്ര പാടില്ലെന്നും വിവിധ യുറോപ്യന്‍ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഒരാഴ്ച കാലത്തേക്ക് നിര്‍ത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
