മലയോര മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മൂന്ന് യുവാക്കള്‍ പിടിയിലായി

Update: 2021-02-25 04:35 GMT

മലപ്പുറം: മലയോര മേഖല കേന്ദ്രീകരിച്ച് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുന്ന യുവാക്കള്‍ പിടിയില്‍. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കാളികാവിലും ചെറുകോടിലും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ചോക്കാട് കേളുനായര്‍പടി സ്വാലിഹ് (ഷാനു-29), പുന്നക്കാട് പാറാട്ടി ജുനൈസ്(32) എന്നിവരെ ചെറുകോട് വെച്ചും ചോക്കാട് പുലത്ത് അഫ്‌സല്‍ (29) എന്നയാളെ കാളികാവ് ഏനാദിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരില്‍ നിന്നും എട്ട് ഗ്രാം എംഡിഎംഎ, ഏഴ് ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെടുത്തു. കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബെംഗളൂരില്‍ നിന്നും സുഹൃത്തുക്കളെ ഉപയോഗിച്ച് അഫ്‌സല്‍ കടത്തിക്കൊണ്ട് വരുന്ന മയക്കുമരുന്ന് നിലമ്പൂര്‍ മേഖലയിലെ കാളികാവ്, ചോക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

മലയോര മേഖലയില്‍ യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ന്യൂ ജനറേഷന്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 85 ഗ്രാമോളം എംഡിഎംഎയുമായി അസം സ്വദേശി കഴിഞ്ഞമാസം വാണിയമ്പലത്ത് വെച്ച് പിടിയിലായിരുന്നു.

ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫിസര്‍ ടി ശിജുമോന്‍, ആര്‍ പി സുരേഷ് ബാബു, ഡി ശിബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, വി ലിജിന്‍, മുഹമ്മദ് അഫ്‌സല്‍, എ ശംനാസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി രജനി, സോണിയ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Similar News