'ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാല്‍ ഖാംനഈ വരിച്ച രക്തസാക്ഷിത്വം, ഈ മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍... അവരെ വെറുതെ വിടില്ല'. ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചിച്ചുകൊണ്ട് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) നടത്തിയ പ്രസ്താവനയിലെ വരികളാണിത്. അലി ഖാംനഈ ഇറാന്‍ ജനതക്ക് ആരായിരുന്നു എന്ന് വ്യക്തമാക്കുന്ന വരികള്‍. ഇറാന്റെ പരമോന്നത നേതാവായ അലി ഖാംനഈ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 86 വയസായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രാംപ് ശനിയാഴ്ച ഖാംനഈയുടെ വസതിക്കെതിരായ സംയുക്ത അമേരിക്ക-ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രഖ്യാപിച്ചിരുന്നു.
'ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ അമേരിക്കയും സയോണിസ്റ്റ് ഭരണകൂടവും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ നേതാവായ മഹാനായ ആയത്തുല്ല ഇമാം സയ്യിദ് അലി ഖാംനഈ ഷഹീദായി' എന്നാണ് ഇറാനിലെ അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ തന്‍സിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ ആത്മീയ, രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വ്യക്തിത്വം
40 വര്‍ഷത്തിലേറെയായി ഇറാന്റെ ആത്മീയ, രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയാണ് ആയത്തുല്ല അലി ഖാംനഈ. 1939 ഏപ്രില്‍ 19 ന് ജനിച്ച അദ്ദേഹം ഇറാനിലെ മഷ്ഹദിലും ഇറാഖിലെ നജാഫിലും മത പരിശീലനം നേടി. ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഒടുവില്‍ കോമില്‍ സ്ഥിരതാമസമാക്കി. അവിടെ അയത്തുല്ല ഹൊസൈന്‍ ബോറുജെര്‍ഡി, പില്‍ക്കാലത്ത് പരമോന്നത നേതാവായി മാറിയ ആയത്തുള്ള റുഹുല്ല ഖുമൈനി തുടങ്ങിയ വ്യക്തികളുടെ കീഴില്‍ പഠനം തുടര്‍ന്നു. 1960 കളിലും 1970 കളിലും റെസ പഹ്ലവിക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സവക് രഹസ്യ പോലിസ് അദ്ദേഹത്തെ പലതവണ അറസ്റ്റ് ചെയ്യുകയും തടവറയില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. 1979ല്‍ ഇറാന്‍ ഇസ്ലാമിക് വിപ്ലവത്തെ തുടര്‍ന്ന് റെസ പെഹ്ലവി സ്ഥാനഭ്രഷ്ടനായി.
വിപ്ലവാനന്തര ഇറാന്റെ ആദ്യ കാലങ്ങളില്‍ വളരെ വേഗത്തില്‍ ഉയര്‍ന്നുവന്ന ഖാംനഈ ഇസ് ലാമിക് റെവല്യൂഷണറി കൗണ്‍സിലില്‍ പ്രധാന പങ്കുവഹിച്ചു. നിയമനിര്‍മ്മാതാവ്, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തെഹ്റാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. 1981ല്‍ പള്ളിയില്‍ പ്രസംഗിക്കുന്നതിനിടെ അടുത്തുള്ള ടേപ്പ് റെക്കോര്‍ഡറില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വധശ്രമങ്ങള്‍ക്ക് ഇരയായ വിപ്ലവകാരികളില്‍ ഒരാളായിരുന്നു ഖാംനഈ. പുരോഹിത വിരുദ്ധ പ്രതിപക്ഷമായ ഫോര്‍ഖാന്‍ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഖാംനഈക്ക് അന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും വലതുകൈ തളരുകയും ചെയ്തു. 1981 ഓഗസ്റ്റില്‍ വിമത മുജാഹിദീന്‍-ഇ ഖല്‍ഖ് (പീപ്പിള്‍സ് മൊജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍) പ്രസിഡന്റ് മുഹമ്മദ് അലി റജാഇയും പ്രധാനമന്ത്രി മുഹമ്മദ് ജവാദ് ബഹോനറും കൊല്ലപ്പെട്ടതിനുശേഷം 97 ശതമാനം വോട്ടുകള്‍ നേടി ഖാംനഈ ഇറാന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റു.
ഭരണനയവും വെല്ലുവിളികളും
ഖാംനഈയുടെ ദര്‍ശനത്തില്‍, ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഒരു അര്‍ദ്ധസൈനിക സേനയില്‍ നിന്ന് ശക്തമായ സുരക്ഷാ രാഷ്ട്രീയ സാമ്പത്തിക ശക്തിയായി മാറി. പാശ്ചാത്യ ഉപരോധങ്ങളെ നേരിടാന്‍ 'പ്രതിരോധ സാമ്പത്തികം' എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ഇറാന്റെ പ്രതിരോധ മനോഭാവം രൂപപ്പെടുത്തിയ നേതാവായിരുന്നു ഖാംനഈ. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ സംശയദൃഷ്ടി തുടര്‍ന്നു.
1989ല്‍ യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചതോടെ ലോകംക്രമം മാറിമറിഞ്ഞു. ഇറാനിലും കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. 1989 ജൂണ്‍ മൂന്നിന് നടന്ന ഖുമൈനിയുടെ മരണം ഇറാനെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. ഖുമൈനിയുടെ ദീര്‍ഘകാല പിന്‍ഗാമിയായി നിയുക്തനായ ആയത്തുള്ള ഹൊസൈന്‍ അലി മുന്താസാരിയെ മൂന്ന് മാസം തികയും മുമ്പ് സ്ഥാനഭ്രഷ്ടനാക്കി. തുടര്‍ന്ന് ഇറാന്റെ പുതിയ നേതാവായി ഇറാന്റെ വിദഗ്ദ്ധ അസംബ്ലി ഖാംനഈയെ നിയമിച്ചു. ഭരണകൂടത്തിനുള്ളില്‍ നിന്നും ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഖാംനഈ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. 1990കളില്‍ റഫ്‌സഞ്ജനിയുടെ ഉദാരവല്‍ക്കരണ പ്രവണതകള്‍ ഖാംനഈയുടെ യാഥാസ്ഥിതികത്വവുമായി കൂട്ടിയിടിച്ചതോടെ പ്രസിഡന്റും പരമോന്നത നേതാവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. 1990കളുടെ മധ്യം മുതല്‍ ഇറാനിയന്‍ രാഷ്ട്രീയത്തില്‍ ലിബറല്‍ പരിഷ്‌കരണവാദ പ്രസ്ഥാനത്തിന്റെ ഉദയത്തോടെ ഖാംനഈയുടെ ആശയങ്ങള്‍ കൂടുതല്‍ പരീക്ഷിക്കപ്പെട്ടു.
2009ലെ വിവാദ പ്രസിഡന്റു തെരഞ്ഞെടുപ്പിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തപ്പെട്ടു. 2022ല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഇസ്രായേലും യുഎസും സ്‌പോണ്‍സര്‍ ചെയ്ത രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ പലരും ഇസ് ലാമിക റിപ്പബ്ലിക്കിന്റെ അന്ത്യം ലക്ഷ്യം വച്ചു. 1979ലെ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകളിലൊന്നായിരുന്നു ഇത്. പാശ്ചാത്യ ഉപരോധത്തില്‍ തകര്‍ന്ന ഇറാന്റെ സാമ്പത്തിക പ്രതിസന്ധികള്‍ മുതലെടുത്ത് ഒരു വിഭാഗത്തെ ഇറാന്‍ ഭരണകൂടത്തിനെതിരേ ഇളക്കി വിട്ടു. സ്ഥിരമായ ഉപരോധവും അമേരിക്ക-ഇസ്രായേല്‍ വിരുദ്ധ നിലപാടുകളും രാജ്യത്തെ ഒറ്റപ്പെടുത്തുന്നതായി ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടി.
പരമോന്നത നേതൃപദവി
ആയത്തുല്ല അലി ഖാംനഈ അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ക്ക് പേര് കേട്ടയാളാണ്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ ഇടപെടലുകള്‍, ഇറാനെതിരായ ഉപരോധങ്ങള്‍ എന്നിവയാണ് അമേരിക്ക-വിരുദ്ധതയുടെ പ്രധാന കാരണങ്ങള്‍. അമേരിക്കയെ വിശ്വസിക്കരുതെന്നും, അവരുമായി വിട്ടുവീഴ്ച ചെയ്യരുതെന്നും ഖാംനഈ വിശ്വസിക്കുന്നു. ഇസ്രായേലിനെതിരായ ഇറാന്റെ നിലപാടിനെ അമേരിക്ക പിന്തുണക്കുന്നതും ഈ ശത്രുതയ്ക്ക് കാരണമാണ്. 1979ലെ ഇസ്ലാമിക വിപ്ലവം മുതല്‍ക്കാണ് ഇപ്പോള്‍ കാണുന്ന അമേരിക്ക വിരുദ്ധ നിലപാട് ഇറാനില്‍ രൂപപ്പെട്ടു വരുന്നത്.
അന്താരാഷ്ട്ര ഉപരോധങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്താതിരിക്കാന്‍ 'പ്രതിരോധം' എന്ന സിദ്ധാന്തം വഴി ഖാംനഈ ഇറാന്റെ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചു. എണ്ണയെ ആശ്രയിക്കുന്നത് കുറക്കുക, ചൈനയുമായും റഷ്യയുമായും വ്യാപാരം വികസിപ്പിക്കുക, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സബ്സിഡി വെട്ടിക്കുറക്കല്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഖാംനഈ ആണവ ശാസ്ത്രത്തെ പുരോഗതിയുടെ അടയാളമായി കാണുന്നു. ഖാംനഈയെ സംബന്ധിച്ചിടത്തോളം യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം ഊര്‍ജ്ജത്തെക്കുറിച്ചു മാത്രമല്ല, പരമാധികാരത്തെക്കുറിച്ചുമാണ്. ഖാംനഈയുടെ രക്തസാക്ഷിത്വത്തോടെ ഇറാന്റെ ഭാവി രാഷ്ട്രീയ ദിശയെക്കുറിച്ച് വലിയ അനിശ്ചിതത്വമാണ് ഉയര്‍ന്നിരിക്കുന്നത്.

