കര്‍ഷക സമരത്തോടുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധം; മുന്‍ എംപി ബിജെപി വിട്ടു

Update: 2020-12-27 03:21 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച ലോക്‌സഭാ മുന്‍ എം.പിയും ബിജെപി നേതാവുമായ ഹരീന്ദര്‍ സിങ് ഖല്‍സ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ഒരു മാസം പിന്നിട്ടു. സമരം ചെയ്യുന്ന കര്‍ഷകരോടും അവരുടെ കുടുംബങ്ങളോടും ബിജെപിയും മോദി സര്‍ക്കാരും അനുഭാവപൂര്‍ണമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നേതാവിന്റെ രാജി.

ശിരോമണി അകാലിദളിലൂടെയാണ് ഹരീന്ദര്‍ സിങ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് എഎപിയിലെത്തി. 2014ല്‍ പഞ്ചാബിലെ ഫതേഗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചാണ് ഖല്‍സ എംപിയായത്. എഎപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ച് ബിജെപിയില്‍ എത്തുകയായിരുന്നു. 2019ലാണ് ബിജെപിയിലെത്തിയത്.

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ആര്‍.എല്‍.പി മുന്നണി വിട്ടു. കര്‍ഷകര്‍ക്കെതിരായ ആരുമായും തങ്ങള്‍ നിലകൊള്ളില്ലെന്ന് ആര്‍എല്‍പി നേതാവും രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ലോക്‌സഭാ എം.പിയുമായ ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി എന്‍.ഡി.എയില്‍ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാര്‍ട്ടി. അകാലിദളാണ് ഇതിന് മുമ്പ് മുന്നണി വിട്ടത്.

Similar News