പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ തീരുമാനം നിര്‍ണായകമാവും: പി അബ്ദുല്‍ മജീദ് ഫൈസി -സിറ്റിങ് വാര്‍ഡുകള്‍ നിലനിര്‍ത്താനായത് പാര്‍ട്ടി മുദ്രാവാക്യം സാക്ഷാല്‍കരിച്ചതിന്റെ തെളിവ്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് നിര്‍ണായക മുന്നേറ്റം നടത്തിയ എസ്.ഡി.പി.ഐ യുടെ തീരുമാനം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടുന്നതിന് മുന്നണികള്‍ക്ക് നിര്‍ണായകമാകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015 ല്‍ 47 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടി ഇത്തവണ 102 സീറ്റുകളാണ് നേടിയത്.
2015 നെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടതുവലതു മുന്നണികള്‍ക്കായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ യു.ഡി.എഫിനെ കൈയൊഴിയുന്നതും ജോസ് കെ മാണിയിലൂടെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫ് നേടിയതിന്റെ സൂചനകളും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
എസ്.ഡി.പി.ഐ പ്രതിനിധികള്‍ വിജയിച്ച പത്തനംതിട്ട, ഷൊര്‍ണൂര്‍, ഇരിട്ടി മുനിസിപാലിറ്റികളിലും മുഴുപ്പിലങ്ങാട്, പാവറട്ടി, ഓങ്ങല്ലൂര്‍, പോരുവഴി, പത്തനാപുരം ഉള്‍പ്പെടെ പല ഗ്രാമപ്പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്നതില്‍ പാര്‍ട്ടി തീരുമാനം നിര്‍ണായകമാണ്.
ഒരേ സമയം വിവേചനമില്ലാത്ത വികസനം സാക്ഷാല്‍ക്കരിക്കുക അതേസമയം തന്നെ സംഘപരിവാര ഫാഷിസം അധികാരത്തിലെത്തുന്നത് തടയുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. അതുകൊണ്ട് തന്നെ എസ്.ഡി.പി.ഐ വിജയിക്കാതിരിക്കാന്‍ ബി.ജെ.പി തന്നെ വോട്ട് മറിച്ച നിരവധി അനുഭവങ്ങളുണ്ട്. നൂറോളം വാര്‍ഡുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. ഇതില്‍ 40 ലധികം വാര്‍ഡുകളില്‍ 50 ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 20 ലധികം വാര്‍ഡുകളില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ടുകള്‍ മറിച്ചുനല്‍കി. ബി.ജെ.പിയുടെ മുന്നേറ്റം തടയുന്നതിന് തിരുവനന്തപുരം കോര്‍പറേഷനില്‍ എസ്.ഡി.പി.ഐ മല്‍സരം ആറ് സീറ്റുകളിലായി പരിമിതപ്പെടുത്തി. മറ്റിടങ്ങളില്‍ ബി.ജെ.പി മുന്നേറ്റം തടയുന്നതിന് സാധ്യമായതെല്ലാം ചെയ്തു. കോര്‍പറേഷന്‍ പിടിക്കാനുള്ള ബി.ജെ.പി ശ്രമത്തിന് അത് കനത്ത തിരിച്ചടിയായി. കൂടാതെ സംസ്ഥാനത്ത് പാര്‍ട്ടി ഇടപെടല്‍ കൊണ്ടു മാത്രം നിരവധി വാര്‍ഡുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനും സാധിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പഞ്ചായത്ത് ടൗണ്‍ 7 ാം വാര്‍ഡില്‍ കഴിഞ്ഞ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്.
ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍ തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളില്‍ പുതുതായി പാര്‍ട്ടി അക്കൗണ്ട് തുറന്നു. സിറ്റിങ് വാര്‍ഡുകള്‍ നിലനിര്‍ത്താനായി എന്നത് പാര്‍ട്ടിയുടെ വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം സാക്ഷാല്‍ക്കരിച്ചതിന്റെ തെളിവാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയും പങ്കെടുത്തു.
