ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചു

Update: 2026-03-02 07:27 GMT

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ മാര്‍ച്ച് 5ന് ആരംഭിക്കാനിരുന്ന എസ്എസ്എല്‍സി പരീക്ഷയും 5,6,7 തിയ്യതികളിലാരംഭിക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയുമാണ് മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങള്‍ക്കൊപ്പമാണെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

ഗള്‍ഫിലും കേരളത്തിലുമായി ചില വിദ്യാര്‍ഥികള്‍ പരീക്ഷ സെന്ററില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടി പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ആശങ്കയില്‍ കഴിയുകയാണെന്ന് മനസിലാക്കുന്നുവെന്നും. പൊതു വിദ്യാഭ്യാസവകുപ്പ് അവര്‍ക്കൊപ്പമുണ്ട്. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും.

ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടകരമാണ്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.