നാദാപുരത്ത് പോലിസിനെ ആക്രമിച്ച കേസില്‍ ആറ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2020-12-15 09:03 GMT

കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ പോലിസിനെ ആക്രമിച്ച കേസില്‍ ആറ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വയനാട് പനമരത്ത് നിന്നാണ് നാദാപുരം പോലിസ് പ്രതികളെ പിടികൂടിയത്. പോളിംഗ് ബൂത്തിന് സമീപം കൂട്ടംകൂടി നിന്ന യുഡിഎഫ് പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുന്നതിനിടയില്‍ പോലീസിനെ ആക്രമിച്ച കേസിലെ ആറ് പ്രതികളാണ് പിടിയിലായത്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഷെഫീഖ്, അബ്ദുലത്തീഫ്, റഹീസ്, ആഷിക്ക്, റാഷിദ്, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമെതിരെയാണ് കേസ്.

വോട്ടെടുപ്പ് ദിവസം ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കോഴിക്കോട് പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പേരാമ്പ്ര പോലീസ് സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അര്‍ധരാത്രിയില്‍ പോലിസ് ലാത്തിവീശിയിരുന്നു.

ഇന്നലത്തെ പോലിസ് നടപടിക്കെതിരെ യുഡിഎഫ് നാദാപുരം പോലിസ് സ്‌റ്റേഷന് മുന്നില് പ്രതിഷേധം സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ കല്ലോട് കണ്ണങ്കണ്ടി കുഞ്ഞഹമ്മദ്, നൗഫല്‍ എന്നിവരുടെ വീട് ആക്രമിച്ച് ജനലും കാറും തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ലീഗിന്റെ ആരോപണം. പോലീസ് സിപിഎമ്മിന് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് പോരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Similar News