ദേശീയ വിദ്യാഭ്യാസ ചാര്‍ട്ടര്‍ പ്രഖ്യാപിച്ച് യുഎഇ

Update: 2026-03-02 09:19 GMT

ദുബയ്: വിദ്യാഭ്യാസ മേഖലയ്ക്ക് ഏകീകൃതവും ദീര്‍ഘകാല വീക്ഷണമുള്ളതുമായ അടിത്തറ സൃഷ്ടിക്കുന്ന ദേശീയ വിദ്യാഭ്യാസ ചാര്‍ട്ടര്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം 2024ല്‍ ആരംഭിച്ച 'എമിറാത്തി വിദ്യാഭ്യാസ ദിനം' അനുബന്ധിച്ചാണ് ചാര്‍ട്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ദുബയ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളുടെ ഭരണാധികാരികളോടൊപ്പം ഷെയ്ഖ് മുഹമ്മദ് ചാര്‍ട്ടറില്‍ ഒപ്പുവച്ചു. ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന് മുഹമ്മദ് അല്‍ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന് മുഹമ്മദ് അല്‍ ഷര്‍ഖി, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന് റാഷിദ് അല്‍ മുഅല്ല, റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന് സഖര്‍ അല്‍ ഖാസിമി, അജ്മാന്‍ കിരീടാവകാശി ഷെയ്ഖ് അമ്മാര്‍ ബിന് ഹുമൈദ് അല്‍ നഊമി എന്നിവര്‍ പങ്കെടുത്തു.

ദേശീയ ഐക്യബോധം ശക്തിപ്പെടുത്തുക, ഭാവിക്കാവശ്യമായ കഴിവുകള്‍ വളര്‍ത്തുക, കുടുംബം-സ്‌കൂള്‍-സമൂഹം തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക, രാജ്യത്തിന്റെ തന്ത്രപരമായ ദര്‍ശനവുമായി പൊരുത്തപ്പെടുന്ന ശക്തമായ വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്തുക എന്നിവയാണ് ചാര്‍ട്ടറിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വിദ്യാര്‍ഥികളെ വികസനത്തിന്റെ കേന്ദ്ര ബിന്ധുവാക്കി സമഗ്ര ദേശീയ വിദ്യാഭ്യാസ സംവിധാനത്തിലൂടെ രാജ്യത്തെ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: