ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; പിന്തുണയ്ക്കുന്നത് നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രം, റോയിട്ടേഴ്‌സ് സര്‍വേ റിപോര്‍ട്ട്
വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്കന്‍ ജനതയില്‍ വ്യക്തമായ വിഭജനം നിലനില്‍ക്കുന്നതായി റോയിട്ടേഴ്‌സ് സര്‍വേ റിപോര്‍ട്ട്. 43 ശതമാനം പേര്‍ ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്നും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. 27 ശതമാനം പേര്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 29 ശതമാനം പേര്‍ അഭിപ്രായം വ്യക്തമാക്കിയില്ല.
ഇറാന്‍ നേതാക്കളെ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നടപടികളെ നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമാണ് അനുകൂലിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. 55 ശതമാനം റിപ്പബ്ലിക്കന്‍ അനുഭാവികള്‍ സൈനിക നീക്കത്തെ പിന്തുണച്ചപ്പോള്‍ 13 ശതമാനം പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. 32 ശതമാനം പേര്‍ക്ക് വ്യക്തമായ നിലപാട് ഇല്ല. യുദ്ധസാഹചര്യത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനിയോ പരിക്കുകളോ സംഭവിച്ചാല്‍ റിപ്പബ്ലിക്കന്‍ പിന്തുണയില്‍ കുറവ് സംഭവിക്കാമെന്ന സൂചനയും സര്‍വേ നല്‍കുന്നു. ഏകദേശം 42 ശതമാനം റിപ്പബ്ലിക്കന്‍ പിന്തുണക്കാര്‍ അത്തരമൊരു സാഹചര്യത്തില്‍ ട്രംപിന്റെ ഓപ്പറേഷനോട് പിന്തുണയ്ക്കാനുള്‌ല സാധ്യത കുറയ്ക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
അതേസമയം, എണ്ണ, ഗ്യാസ് വില വര്‍ധനവുണ്ടായാല്‍ ഇറാനെതിരായ നീക്കത്തെ പിന്തുണക്കുന്നവരുടെ എണ്ണം കുറയാമെന്നും സര്‍വേ സൂചിപ്പിക്കുന്നു. 45 ശതമാനം അമേരിക്കക്കാര്‍, 34 ശതമാനം റിപ്പബ്ലിക്കന്‍ പിന്തുണക്കാര്‍, 44 ശതമാനം സ്വതന്ത്രര്‍ എന്നിവര്‍ ഇന്ധനവില ഉയര്‍ന്നാല്‍ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളില്‍ 74 ശതമാനം പേര്‍ ഇറാനെതിരായ ആക്രമണത്തെ എതിര്‍ക്കുന്നവരാണ്. ഏഴു ശതമാനം പേര്‍ മാത്രമാണ് പിന്തുണ അറിയിച്ചത്. 19 ശതമാനം പേര്‍ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
ഇതിനിടെ, ഇറാനെതിരായ സൈനിക നടപടിക്കെതിരേ അമേരിക്കയില്‍ വ്യാപക പ്രതിഷേധം നടന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. രാജ്യത്തിന്റെ വിദേശനയത്തിനെതിരായ ജനവികാരങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണിത്.
