മുസ്‌ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിയുടെ മകനെതിരേ ഷാര്‍ജയില്‍ ചെക്ക് കേസ്

Update: 2020-12-14 04:20 GMT

ഷാര്‍ജ: മുസ്‌ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിയുടെ മകന്‍ എം കുഞ്ഞാലിക്കെതിരെ ഷാര്‍ജയില്‍ ചെക്ക് കേസ്. ലൈഫ് കെയര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്ന സ്ഥാപനം വാങ്ങിയ വകയില്‍ കുഞ്ഞാലി നല്‍കിയ ചെക്ക് മടങ്ങിയെന്ന് കാണിച്ച് കണ്ണൂര്‍ സ്വദേശിയായ വ്യവസായിയാണ് ഷാര്‍ജ ബുഹേറ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഏകദേശം ഒരു കോടി രൂപ നല്‍കാനുണ്ടെന്നാണ് പരാതി.

മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ഫലമില്ലാതായതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് വ്യവസായി പറഞ്ഞു. 25 ലക്ഷം ദിര്‍ഹമിനാണ് മായിന്‍ഹാജിയും മകന്‍ കുഞ്ഞാലിയും മരുമകന്‍ മുസ്തഫ മൊയ്തീനും ഉള്‍പ്പെടെയുള്ള 13 പേര്‍ ചേര്‍ന്ന് സ്ഥാപനം വാങ്ങിയത്. ഇതിന്റെ ബാക്കി തുക പാര്‍ട്ണര്‍മാരിലൊരാളായ പരാതിക്കാരന് നല്‍കിയില്ലെന്നാണ് പരാതി. ചെക്ക് നല്‍കിയ ശേഷം കുഞ്ഞാലി നാട്ടിലേക്ക് മടങ്ങി.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണം മാത്രമാണിതെന്ന് മായിന്‍ ഹാജി പറഞ്ഞു. തനിക്കും മകനുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മായിന്‍ഹാജി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ സിപിഎം നടത്തുന്ന നാടകമാണിതെന്നും മായിന്‍ഹാജി ആരോപിച്ചു.

Similar News