കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കം; ബിജെപി ശ്രമം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കത്തിനെതിരേ പ്രധാനമന്ത്രിക്ക കത്ത് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട പോക്ക് തടയണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുന്നത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എതിരെയുള്ള അന്വേഷണവും രാഷ്ട്രീയപ്രേരിതമാണെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.
പ്രിയങ്ക ഗാന്ധി മുതല്‍ ഡി.കെ ശിവകുമാര്‍ വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണം ചൂണ്ടിക്കാണിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി കേന്ദ്ര ഏജന്‍സികളെ പിന്തുണക്കുന്ന യു.ഡി.എഫ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും കൂടെ നിര്‍ത്താനുള്ള ഉള്ള ബി.ജെ.പി നേതൃത്വന്റെ ശ്രമം കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
നിലവിലുള്ള അന്വേഷണ മാനദണ്ഡങ്ങള്‍ മറികടന്നാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരാതിയും മുന്നോട്ട് വെക്കുക വഴി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന പരാതി കൂടി മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്. ''ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു ചട്ടക്കൂടുണ്ട്. അവയുടെ ലക്ഷ്യങ്ങള്‍ നിര്‍വചിക്കപ്പെട്ടതാണ് നിയമാനുസൃതമായി തീരുമാനിക്കപ്പെട്ട ഉത്തരവാദിത്വങ്ങളാണ് ഏജന്‍സികള്‍ നിറവേറ്റേണ്ടത്. സര്‍ക്കാരിന്റെ നയപരിപാടികളില്‍ എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് കണ്ടെത്താനുള്ള യജ്ഞത്തിലാണ് അന്വേഷണ ഏജന്‍സികള്‍''. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
