തെഹ്‌റാന്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ 'വിവാദ' കവിതയില്‍ പ്രതിഷേധവുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് തുര്‍ക്കി പ്രസിഡന്റിനെതിരെ പ്രതിഷേധം അറിയിച്ചത്.
19ാം നൂറ്റാണ്ടില്‍ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും അസര്‍ബെയ്ജിന് സ്വാതന്ത്ര്യം ലഭിച്ചതിനെക്കുറിച്ചുള്ള അസരിഇറാനിയന്‍ കവിതയാണ് ഉര്‍ദുഗാന്‍ ആലപിച്ചത്. അര്‍മേനിയക്കെതിരായ യുദ്ധത്തില്‍ അസര്‍ബെയ്ജാന്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ തലസ്ഥാനമായ ബാക്കുവില്‍ നടന്ന സൈനിക പരേഡില്‍ പങ്കെടുക്കവെയാണ് ഉര്‍ദുഗാന്‍ കവിത ചൊല്ലിയത്. പുതിയ സംഭവം ഇറാനിലെ ന്യൂനപക്ഷമായ അസരികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുമെന്ന് ഇറാന്‍ ആരോപിച്ചു.
വിഷയത്തില്‍ തുര്‍ക്കിയുടെ അംബാസഡറെ വിളിച്ച ഇറാന്‍ പ്രതിഷേധം അറിയിച്ചു. ഉര്‍ദുഗാന്റെ നടപടി അനാവശ്യ ഇടപെടലാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഷയത്തില്‍ ഉടനടി വിശദീകരണം ആവശ്യമാണെന്നും ഇറാന്‍ തുര്‍ക്കി അംബാസഡറെ അറിയിച്ചു. പ്രാദേശിക അവകാശവാദങ്ങളുടെയും യുദ്ധ കൊതിയന്‍മാരുടെയും അധിനിവേശ സാമ്രാജ്യങ്ങളുടെയും യുഗം അവസാനിച്ചതായി ഇറാന്‍ തുര്‍ക്കിഷ് അംബാസഡറെ അറിയിച്ചു.