ബാംബോളിം (ഗോവ): കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ ഗോളില്ലാ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഐഎസ്എലിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം സമനില നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഒരു പോയിന്റ് കൂടി അധികം നേടി പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറി. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും കളിയിലുടനീളം മികച്ച പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ചെന്നൈയിന്റെ നിര്‍ണായകമായ ഒരു പെനാല്‍റ്റി കിക്ക് അടക്കം മികച്ച സേവുകള്‍ നടത്തിയ ആല്‍ബിനോ ഗോമസാണ് കളിയിലെ താരം. ചെന്നൈയിന്‍ ആക്രമണത്തെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ധീരമായി തടഞ്ഞു. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറ്റവും മധ്യനിരയും മികവുകാട്ടി. ഡിസംബര്‍ ആറിന് ഫറ്റോര്‍ഡയില്‍ എഫ്‌സി ഗോവക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിലെ ലൈനപ്പില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് കിബു വികൂനയുടെ ടീം ചെന്നൈയിനെതിരെ എവേ ജഴ്‌സിയില്‍ ഇറങ്ങിയത്. ഗാരി ഹൂപ്പറിനൊപ്പം ഫാക്കുണ്ടോ പെരേരെയും ആക്രമണം നയിക്കാനെത്തി. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, രോഹിത് കുമാര്‍, സെയ്ത്യസെന്‍ സിങ്, യേന്ദ്രേംബാം ദെനചന്ദ്ര മേതയ്, നോംഗ്ദാംബ നൗറേം എന്നിവര്‍. ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, നിഷു കുമാര്‍ എന്നിവര്‍ പ്രതിരോധത്തില്‍. ആല്‍ബിനോ ഗോമെസിന് തന്നെയായിരുന്നു ഗോള്‍വല കാക്കാനുള്ള നിയോഗം. വിശാല്‍ കെയ്ത്തായിരുന്നു ചെന്നൈയിന്‍ എഫ്‌സി ഗോളി. കെയ്ഷാം റീഗന്‍ സിങ്, എലി സാബിയ, എനസ് സിപോവിക്, ലാല്‍ചുവാന്‍മാവിയ ഫനായ്, ദീപക് ടാന്‍ഗ്രി എന്നിവര്‍ പ്രതിരോധത്തിലും അനിരുദ്ധ് ഥാപ, റാഫേല്‍ ക്രിവെല്ലെറോ, ലാലിയന്‍സുവല ചാങ്‌തെ എന്നീ താരങ്ങളെ മധ്യനിരയിലും അണിനിരന്നു. മുന്നേറ്റം നയിക്കാന്‍ ഇസ്മായില്‍ ഗോണ്‍സാല്‍വസും യാകുബ് സില്‍വെസ്റ്ററും.
ആദ്യമിനുറ്റില്‍ തന്നെ ചെന്നൈയിന് ലഭിച്ച ഫ്രീകിക്ക് ആല്‍ബിനോ ഗോമസ് സമര്‍ഥമായി തട്ടിയകറ്റി. തുടക്കം മുതല്‍ കളിയില്‍ ആധിപത്യം തീര്‍ക്കാന്‍ ചെന്നൈയിന്‍ ശ്രമിച്ചു. ബ്ലാസ്‌റ്റേഴ്‌സ്, പ്രതിരോധം കടുപ്പിച്ചുനിന്നു. ഏഴാം മിനുറ്റില്‍ ചാങ്‌തെയും അനിരുദ്ധ് ഥാപയും നടത്തിയ ഗോള്‍ ശ്രമം പാഴായി. ചെന്നൈയിന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. ആല്‍ബിനോ ഗോമസ് മികച്ച സേവുകള്‍ നടത്തി. ക്രിവെല്ലെറോയുടെ അപകടകരമായ ഒരു ഫ്രീകിക്ക് കൂടി കേരള ബോക്‌സിലെത്തി, ചെന്നൈയിന്‍ താരങ്ങള്‍ക്ക് പന്ത് കണക്ട് ചെയ്യാനായില്ല. 17ാം മിനുറ്റില്‍ ബക്കാരി കോനെയുടെ സമയോചിതമായ ഇടപെടല്‍ ബ്ലാസ്‌റ്റേഴ്‌സിന് തുണയായി. അഡ്വാന്‍സ് ചെയ്ത് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ആല്‍ബിനോയുടെ ശ്രമം പാളിയെങ്കിലും പരിചയ സമ്പന്നനായ കോനെയുടെ കൃത്യമായ ഇടപെടല്‍ അപകടം ഒഴിവാക്കി. കേരള താരത്തെ ഫൗള്‍ ചെയ്തതിന് റീഗന്‍ സിങിന് യെല്ലോ കാര്‍ഡും കേരളത്തിന് ഫ്രികിക്കും ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണത്തിന്റെ സൂചന നല്‍കി തുടങ്ങി. കളി ചെന്നൈയിന്‍ ബോക്‌സിലേക്ക് മാറി. 22ാം മിനുറ്റില്‍ ലീഡ് നേടാനുള്ള മികച്ചൊരു അവസരം മുതലെടുക്കാന്‍ നോംഗ്ദാംബക്ക് കഴിഞ്ഞില്ല. 26ാം മിനുറ്റില്‍ ചെന്നൈയിന് വീണ്ടും ഓഫ്‌സൈഡ് കുരുക്ക്. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. സിഡോഞ്ചയില്‍ നിന്ന് സ്വീകരിച്ച പന്തില്‍ രോഹിത്കുമാറിന്റെ ഗോള്‍ ശ്രമം മികച്ചതായിരുന്നു. വെടിയുണ്ട കണക്കെയുള്ള ലോങ്‌റേഞ്ചര്‍ ചെന്നൈയിന്‍ വല തുളയ്ക്കുമെന്ന് തോന്നിച്ചു. വിശാല്‍ കെയ്ത് ഡൈവ് ചെയ്ത് കോര്‍ണറിന് വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് ശ്രമം വിഫലമാക്കി. തുടര്‍ച്ചയായ രണ്ടു കോര്‍ണര്‍ കിക്കുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്. കോസ്റ്റയുടെ ഹെഡര്‍ ക്രിവെല്ലെറോയില്‍ തട്ടി പുറത്തായി. റീപ്ലേയില്‍ പന്ത് ക്രിവെല്ലെറോയുടെ കയ്യിലാണ് തട്ടിയതെന്ന് വ്യക്തമായിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ തീരുമാനം റഫറിയില്‍ നിന്നുണ്ടായില്ല. നോംഗ്ദാംബയുടെ മറ്റൊരു ശ്രമം കൂടി കോര്‍ണറിന് വഴിയൊരുക്കി. കളിയിലേക്ക് അതിവേഗം തിരിച്ചുവന്ന ബ്ലാസ്‌റ്റേഴ്‌സ് പന്തടക്കത്തിലെ മികവുമായി ഗോള്‍ നീക്കങ്ങള്‍ തുടര്‍ന്നു. വലത് പാര്‍ശ്വത്തിലൂടെയുള്ള ഇസ്മയുടെ മുന്നേറ്റത്തിന് ദെനചന്ദ്ര സമര്‍ഥമായി തടയിട്ടു. അധിക നേരത്തും ഗോളടിക്കാതെ ഇരുടീമുകളും ആദ്യപകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ സെയ്ത്യസെന്‍ സിങിന് പകരം രാഹുല്‍ കെ.പി കളത്തിലിറങ്ങി. 51ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മാറ്റവും വരുത്തി. ദെനചന്ദ്രയ്ക്ക്, ജെസെല്‍ കെര്‍ണെയ്‌റോ പകരക്കാരനായി. 56ാം മിനുറ്റില്‍ പെനാല്‍റ്റി ബോക്‌സിന് തൊട്ട്പുറത്ത് നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക്. പെരേരയുടെ കിക്കില്‍ കോനെ ഹെഡറിന് ശ്രമിച്ചു, പന്ത് ലക്ഷ്യം മാറി പറന്നു. ക്രിവെല്ലെറോയുടെ ഒരു പാസ് കൃത്യം കേരള ബോക്‌സില്‍. അപകടം മണത്ത ജെസെല്‍, ഫത്കുലോ കണക്ട് ചെയ്യും മുമ്പേ തലകൊണ്ട്് വെട്ടിച്ച് പന്ത് പുറത്താക്കി. ചെന്നൈയിന്റെ അപകടകരമായ ഒരു കോര്‍ണര്‍ കൂടി ബ്ലാസ്‌റ്റേഴ്‌സ് തടഞ്ഞിട്ടു. 66ാം മിനുറ്റില്‍ നോങ്ദാംബ മടങ്ങി, പ്രശാന്ത് കളത്തില്‍. ബോക്‌സിന് തൊട്ട്പുറത്ത് ബ്ലാസ്‌റ്റേഴ്‌സ് ഫ്രീകിക്ക് വഴങ്ങി. ഫത്കുലോവിന്റെ കിക്ക് കൃത്യം വല ലക്ഷ്യമാക്കി എത്തി. ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്ത് ആല്‍ബിനോ പന്തിന്റെ ഗതി മാറ്റി. ഇതിനിടെ രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റം കണ്ടു. 74ാം മിനുറ്റില്‍ ബോക്‌സിനുള്ളില്‍ ക്രിവെല്ലെറോയെ തടയാനുള്ള സിഡോയുടെ ശ്രമം പെനാല്‍റ്റി കിക്കില്‍ കലാശിച്ചു. സ്‌പോട്ടില്‍ നിന്ന് കിക്കെടുത്തത് യാക്കൂബ് സില്‍വസ്റ്റര്‍. മികച്ച ഫോമിലായിരുന്ന ആല്‍ബിനോയെ മറികടക്കാന്‍ പന്തിനായില്ല. മുന്നിലെത്താനുള്ള ചെന്നൈയിന്‍ ശ്രമത്തിന് സകല കരുത്തും ആവാഹിച്ച് മറ്റൊരു മികവുറ്റ ഡൈവിലൂടെ ഗോവന്‍ താരം തടയിട്ടു. തൊട്ടുപിന്നാലെ ബോക്‌സിനകത്തെ ആശയകുഴപ്പത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ഒരു അവസരം പാഴാക്കി. കിബു വികൂന ഇരട്ട പരീക്ഷണം നടത്തി. ഹൂപ്പറിനെയും രോഹിതിനെയും പിന്‍വലിച്ച് ജീക്‌സണ്‍ സിങിനെയും ജോര്‍ദാന്‍ മുറേയെയും ഇറക്കി. പരിക്കേറ്റ സിഡോ കളത്തിന് പുറത്ത് പോയതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങി. കളി അധികസമയത്തേക്ക് നീണ്ടു. സമനിലപ്പൂട്ട് തകര്‍ക്കാന്‍ ഇരുടീമുകളും ശ്രമം നടത്തിയെങ്കിലും സ്‌കോര്‍ ബോര്‍ഡ് മാറ്റമില്ലാതെ നിന്നു.

