ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ ഹൈക്കോടതി നേരിട്ട് പരിശോധിക്കും

വ്യാഴാഴ്ചയ്ക്കകം രേഖകള്‍ എത്തിക്കാന്‍ ഉത്തരവ്

Update: 2026-03-02 11:15 GMT

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളും കണക്കുകളും നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് ഓഡിറ്റിലേക്ക് കൈമാറിയ പരിപാടിയുടെ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. അയ്യപ്പ സംഗമത്തിന്റെ രേഖകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രേഖകളെല്ലാം വിജയന്‍ അസോസിയേറ്റ്‌സ് എന്ന സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിന് നല്‍കിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇതേത്തുടര്‍ന്ന്, വിജയന്‍ അസോസിയേറ്റ്‌സിനെയും കേസില്‍ കക്ഷി ചേര്‍ത്തു. സ്വകാര്യ ഓഡിറ്റര്‍ക്ക് നല്‍കിയ എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കകം നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

ദേവസ്വം ബോര്‍ഡ് നേരത്തെ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇനി കണക്കുകള്‍ പരിശോധിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തത വരുത്തുന്നതിനായി ഹൈക്കോടതി നേരിട്ട് ഇടപെടുന്നത് ദേവസ്വം ബോര്‍ഡിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ചയ്ക്കകം എല്ലാ രേഖകളും കൈമാറാനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിജയന്‍ അസോസിയേറ്റ്‌സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ തുടര്‍ന്നുള്ള നടപടികള്‍.

Tags: