കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്രം

Update: 2020-11-27 10:03 GMT

ന്യൂഡൽഹി: കേരളം ഉൾപ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ലെന്ന് സുപ്രിം കോടതി വിമർശിച്ചു. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് രോഗികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാരുകൾ ജാഗ്രത പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും ചൊവ്വാഴ്ച  റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചു.

കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതിയും വിലയിരുത്തി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു. 

Similar News