കണ്ടയിന്‍മെന്റ് സോണുകളില്‍ വാഹന പ്രചാരണത്തിന് വിലക്ക്

Update: 2020-11-24 14:33 GMT

തൃശൂർ: കണ്ടെയിന്‍മെന്റ് സോണുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിന് അനുമതിയില്ലെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്ക് തഹസില്‍ദാരുമായും നോഡല്‍ ഓഫീസര്‍മാരുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യമറിയിച്ചത്. സോണുകളില്‍ രണ്ടുപേര്‍ക്കുമാത്രം കാല്‍നടയായി പോയി പ്രചാരണം നടത്താം. ജില്ലയിലെ തിരഞ്ഞെടുപ്പ്

പൊതു നിരീക്ഷകന്‍ വി രതീശന്‍ യോഗത്തില്‍ അധ്യക്ഷനായി. പെരുമാറ്റചട്ട നിയമലംഘനവും, ഡിഫേസ്‌മെന്റും കര്‍ശനമായി നിയന്ത്രിക്കണമെന്ന് അധ്യക്ഷന്‍ പറഞ്ഞു. ജില്ലയില്‍ നവംബര്‍ 15ന് ശേഷം സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇല്ലായെന്നും പകരം തഹസില്‍ദാര്‍മാര്‍ക്ക് കോവിഡ് സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും, കൂടാതെ 6 ചെലവു ചുരുക്കല്‍ ഒബ്‌സര്‍വര്‍മാരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഓരോ താലൂക്ക് തല സ്‌ക്വാഡുകളുടെയും നേതൃത്വത്തില്‍ പൊതു, സ്വകാര്യ സ്ഥലങ്ങള്‍ കയ്യേറി പോസ്റ്റര്‍ പതിക്കുന്നത് തടയണം. ഇതിനുവേണ്ട ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും, ഓരോ പ്രദേശത്തെയും പരാതികളും സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും കോവിഡ്-19 പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. വലിയതോതിലുള്ള കട്ടൗട്ടുകളും പോസ്റ്റുകളും നീക്കം ചെയ്യാന്‍ വരുന്ന ചിലവുകള്‍ അതാത് രാഷ്ട്രീയപാര്‍ട്ടികള്‍ വഹിക്കണം. ഹോര്‍ഡിങ്, തോരണങ്ങള്‍, കാഴ്ചയെ തടസ്സപ്പെടുന്ന രീതിയിലുള്ള കമാനങ്ങള്‍ എന്നിവ നിര്‍ബന്ധമായും നീക്കം ചെയ്യണം. ചെലവുചുരുക്കല്‍ മോണിറ്റര്‍ ചെയ്യുകയും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കുകയും ചെയ്യണം.പോലീസ്,മോട്ടോര്‍ വാഹനം, റവന്യൂ വകുപ്പുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഡിഫേസ്‌മെന്റ്, പെരുമാറ്റ ചട്ടലംഘനങ്ങള്‍ തുടങ്ങിയവ പരമാവധി തടയണം. കോവിഡ് 19 പ്രത്യേക പ്രോട്ടോകോള്‍ പാലിക്കുന്നതിനായി റിസര്‍വ്, അസിസ്റ്റന്റ് റിസര്‍വ് ഓഫീസര്‍മാര്‍ക്ക്് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചെന്നും, കൂടാതെ പോളിങ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ ക്ലാസുകള്‍ നല്‍കി കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പുവരുത്തുമെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സതീഷ് നാരായണന്‍ യോഗത്തില്‍ അറിയിച്ചു. ഇരിഞ്ഞാലക്കുട ആര്‍ഡിഒ ലതികാ സി, എംസിസി നോഡല്‍ ഓഫീസര്‍ സുലൈഖ, വിവിധ താലൂക്ക് തഹസില്‍ദാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Similar News