കൊവിഡ് ചട്ടലംഘനം: വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ ചുമത്തി

Update: 2020-10-21 03:51 GMT

തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് കൊവിഡ് ചട്ടലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ നഗരസഭയുടെ ശിക്ഷാനടപടി. ഒരു വ്യാപാരസ്ഥാപനത്തിലെ പത്തിലേറെ ജീവനക്കാർ കയ്യുറയും മാസ്ക്കും ധരിക്കാതെ മത്സ്യം വൃത്തിയാക്കിയതിന് 2000 രൂപ പിഴ ചുമത്തി അടപ്പിച്ചു. ജീവനക്കാർ മാസ്ക് ധരിക്കാതിരുന്നതിനും രജിസ്റ്ററിൽ സന്ദർശകരുടെ പേര് രേഖപ്പെടുത്താതിരുന്നതിനും മറ്റൊരു വ്യാപാരസ്ഥാപനത്തിന് 500 രൂപ പിഴ ചുമത്തി. മാസ്ക് ധരിക്കാത്തവരും കൂട്ടംകൂടി നിന്നവരുമായ 14 പേർക്ക് 200 രൂപ വീതവും പിഴ അടപ്പിച്ചു. കൂടാതെ സന്ദർശന രജിസ്റ്റർ സൂക്ഷിക്കാത്തതിനും മറ്റുമായി 47 പേർക്ക് താക്കീതും നൽകി.

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നത്തിന്റെ ഭാഗമായി നഗരത്തിൽ പരിശോധന കർശനമാണ്. കോവിഡ് പരിശോധന സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നഗരത്തിലും ജംഗ്ഷനുകളിലും കടകളിലും സ്ഥാപനങ്ങളിലുമെല്ലാം നിരന്തര പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു വരികയാണ്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

Similar News