പെണ്‍മക്കള്‍ക്ക് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂത്ത മകള്‍ മരിച്ചു

Update: 2026-03-03 04:09 GMT

ആലപ്പുഴ: മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന(12)ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സ്‌കൂളില്‍നിന്നു കാറില്‍ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ രണ്ടു പെണ്‍മക്കള്‍ക്ക് വിഷംചേര്‍ത്ത ജ്യൂസ് നല്‍കിയശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ തിങ്കളാഴ്ച രാത്രിയാണ് മൂത്തമകള്‍ മരിച്ചത്. മാന്നാര്‍ തെള്ളിക്കിഴക്കേതില്‍ ശിവശൈലത്തില്‍ മനോജ്(44), മൂത്തമകള്‍ ശിവനന്ദന(12)എന്നിവരാണ് മരിച്ചത്. ഇളയമകള്‍ ശിവഗംഗ(ഏഴ്)പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് കാറില്‍വെച്ച് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു. ജ്യോതിയാണ് ഭാര്യ. ഇവര്‍ക്ക് ഒന്നരവയസുള്ള ശിവകീര്‍ത്തന എന്നൊരു മകള്‍ കൂടിയുണ്ട്. വിവരമറിഞ്ഞ് മാന്നാര്‍ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ഇരുവരുടേയും സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് കുരട്ടിക്കാട് മുത്താരമ്മന്‍ ദേവസ്വം ട്രസ്റ്റ് ശ്മശാനത്തില്‍.