വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കെ എസ് യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കെ എസ് യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. മന്ത്രിക്ക് നേരെ ഉണ്ടായത് വെറുമൊരു കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും അതില്‍ വധശ്രമത്തിന് കേസെടുത്തത് ശരിയല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആരോഗ്യനില മോശമായതിനാല്‍ മൊഴിയെടുക്കാനാവാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുണ്ടെന്നും, പ്രതികളുടെ കൈവശം ആയുധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പോലിലിസിന് കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതികള്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷന്‍, പ്രതികളെ കസ്റ്റഡിയില്‍ വിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിയുടെ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി, ഇന്ന് ജാമ്യാപേക്ഷയില്‍ വിധി പറയും. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, വി വി അക്ഷയ്, ബിതുല്‍ ബാലന്‍, സി എച്ച് മുബാസ്, അഹമ്മദ് യാസീന്‍ എന്നീ അഞ്ചുപേരാണ് പ്രതികള്‍.
വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരേ റെയില്‍വേ പോലിസ് കേസെടുത്തത്. വധശ്രമമടക്കം 11 വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കൊല്ലെടാ എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.
ഫെബ്രുവരി 25നാണ് കണ്ണൂരില്‍ കെ എസ് യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

