കൊറോണ വൈറസിനെതിരെ മാസ്‌ക് ഉപയോഗപ്രദമല്ലെന്ന പ്രചാരണവുമായി ട്രംപിൻ്റെ ഉപദേഷ്ടാവ്
ന്യൂയോർക്: കൊറോണ വൈറസിനെതിരെ മാസ്‌ക് ഉപയോഗപ്രദമല്ലെന്ന വ്യാജ പ്രചാരണവുമായി ട്രംപിൻ്റെ ഉപദേഷ്ടാവ്. അമേരിക്കയിൽ കേസുകൾ വർധിക്കുന്നതിനിടയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ഉപദേഷ്ടാവായ ഡോ സ്കോട്ട് അറ്റ്ലസ് മാസ്‌ക് ഉപയോഗിക്കുന്നതിൻ്റെ പ്രാധാന്യം കുറച്ചുകാട്ടി സാമൂഹിക മാധ്യമത്തിൽ ട്വീറ്റ് ചെയ്‌തത്. 'മാസ്‌ക് ഫലപ്രദമാണോ? അല്ല' എന്നതായിരുന്നു ട്വീറ്റ്. ഇതേ തുടർന്ന് ഡോ സ്കോട്ട് അറ്റ്ലസിൻ്റെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ട്വിറ്റർ ഇത് നീക്കം ചെയ്‌തു. സംഭവത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ മാസ്‌ക് ഉപയോഗിക്കുന്നതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാസ്‌ക് ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷവും പൊതു ഇടങ്ങളിൽ വെച്ചു ട്രംപ് മാസ്‌ക് ഊരി മാറ്റിയിരുന്നു.
പുതിയ കണക്കുകളിലും അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് മൂലമാണെന്ന വാദം ട്രംപ് ഉയർത്തുന്നുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നു ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്കും വർധിക്കുന്നുണ്ട്. 42 അമേരിക്കൻ സ്റ്റേറ്റുകളിലും കേസുകൾ കൂടുന്ന സാഹചര്യമാണുള്ളത്. കൊവിഡ് പ്രതിരോധത്തിൽ അമേരിക്ക ഒരുപക്ഷേ ഏറ്റവും മോശമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നു മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡോ സ്കോട്ട് ഗോട്ട്‌ലീബ് വ്യക്തമാക്കി. അടുത്ത മൂന്ന് മാസം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും ഗോട്ട്‌ലീബ് പറഞ്ഞു.
