അധികാരത്തിലെത്താന്‍ എന്ത് കൃത്രിമത്വവും ബിജെപി കാണിക്കും: സിപിഎം
ഇടതുമുന്നണിക്കൊപ്പമാണ് കേരളത്തില്‍ എന്‍സിപി. എന്‍സിപി കേരള ഘടകം ഇടത് മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.
മുംബൈ: അധികാരത്തില്‍ എത്താന്‍ എന്ത് മോശം വഴിയും ബിജെപി സ്വീകരിക്കുമെന്നും ഭരണ സംവിധാനം ഉപയോഗിച്ച് എന്ത് കൃത്രിമത്വവും അവര്‍ നടത്തുമെന്നും സിപിഎം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ അതിനു തെളിവാണെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. ബിജെപിയുടെ രാഷ്ട്രീയ മര്യാദകേട് അതിന്റെ ഉന്നതിയിലെത്തിയിരിക്കുന്നു. വളരെ രഹസ്യമായി മുഖ്യമന്ത്രിയെയും ഉപമുഖ്യന്ത്രിയെയും പ്രഖ്യാപിച്ച രീതി ബിജെപിയുടെ രാഷ്ട്രീയ അപമര്യാദയാണ് കാണിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്കൊപ്പമാണ് കേരളത്തില്‍ എന്‍സിപി. എന്‍സിപി കേരള ഘടകം ഇടത് മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടല്ല മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കമെന്നാണ് കേരളത്തിലെ എന്‍സിപിയുടെ വിശദീകരണം. മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിയും വിശദീകരണം തേടിയിരുന്നു.
മഹാരാഷ്ട്രയിലെ വിഷയം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി കേരളത്തിലെ എന്‍സിപി അധ്യക്ഷന്‍ തോമസ് ചാണ്ടി പറഞ്ഞു. അജിത് പവാര്‍ കുറേ എംഎല്‍എമാരെയും കൊണ്ടുപോയതാണെങ്കില്‍ അത് മറന്നേക്കൂ എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. അതല്ല, ശരദ് പവാര്‍ ആണെങ്കില്‍ വിഷയം പഠിക്കണമെന്നും നേരിട്ട് വിളിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി പറഞ്ഞു.