തിരുവനന്തപുരം കോര്‍പറേഷനില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

Update: 2020-07-12 16:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനു കീഴിലെ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളും രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരാള്ചയാണ് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുള്ളത്.

സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ആഭ്യന്തരം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുകള്‍ 50 ശതമാനം ജോലിക്കാരെ വച്ച് പ്രവര്‍ത്തിക്കും. മറ്റ് വകുപ്പുകളിലെ കാര്യങ്ങള്‍ പരമാവധി 30 ശതമാനം ജോലിക്കാരെ നിയോഗിച്ച് അതത് സെക്രട്ടറിമാര്‍ക്ക് തീരുമാനിക്കാം.

പ്രതിരോധവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, റെയില്‍വേ, പോസ്റ്റ്ഓഫിസ് എന്നിവയ്ക്ക് അനുമതിയുണ്ട്.

ആശുപത്രികള്‍, മരുന്ന് ഷാപ്പുകള്‍, ലബോറട്ടറികള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. ജനകീയ ഹോട്ടലില്‍ നിന്നൊഴികെ മറ്റൊരിടത്തും ഭക്ഷണം ഡോര്‍ ഡലിവറി പാടില്ല. പൊതുപരീക്ഷകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

പലചരക്ക്, പാല്‍, ബേക്കറി, പച്ചക്കറി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ 12 വരെയും വൈകീട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു വരെ സ്റ്റോക്ക് സ്വീകരിക്കാം, വില്പന പാടില്ല. ടാക്‌സി, ഓട്ടോ സര്‍വീസുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താം.

രാത്രി 9 മുതല്‍ രാവിലെ 5 വരെ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

സൂപ്പര്‍ സ്പ്രഡ് സോണായ പൂന്തുറയിലും മാണിക്യവിളാകത്തും നിലവിലുള്ള സ്ഥിതി തുടരും.  

Similar News