നതാന്‍സ് ആണവകേന്ദ്രത്തില്‍ സൈബര്‍ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പു നല്‍കി ഇറാന്‍

Update: 2020-07-04 18:31 GMT

ദുബയ്: തങ്ങളുടെ തന്ത്രപ്രധാനമായ ആണവകേന്ദ്രങ്ങളിലൊന്നായ നതാന്‍സ് ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ സൈബര്‍ ആക്രമണം നടത്തിയ ഇസ്രായേലിനെതിരേ കടുത്ത നടപടി കൈകൊള്ളുമെന്ന് ടെഹ്‌റാന്റെ മുന്നറിയിപ്പ്. ഇസ്രായേലിനെ മാത്രമല്ല, അതിന് പിന്തുണ നല്‍കിയ അമേരിക്കയ്‌ക്കെതിരേയും കടുത്ത ഭാഷയിലാണ് ടെഹ്‌റാന്റെ പ്രതികരണം.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള ഇറാന്റെ സുപ്രധാന ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളിലൊന്നായ നതാന്‍സ് സമ്പുഷ്ടീകരണ പ്ലാന്റില്‍, ഇസ്രായേല്‍ സൈബര്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ പറയുന്നു. നതാന്‍സ് ആണവകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന പൊട്ടിത്തെറി ഇസ്രായേലിന്റെ സൈബര്‍ അട്ടിമറിയെ തുടര്‍ന്നാണെന്നാണ് ഇറാനിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നതോദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും റിപോര്‍ട്ടിലുണ്ട്.

തെളിവുകളുണ്ടെന്നും വേണ്ട സമയത്ത് പുറത്തുവിടുമെന്നാണ് ടെഹ്‌റാന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. ഇറാനിലെ ഇസ്ഫഹാന്‍ മരുഭൂമിയിലാണ് നതാന്‍സ് ആണവ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ നട്ടെല്ലും നതാന്‍സ് പ്ലാന്റാണ്.

അകത്തുനിന്ന് പൊട്ടിത്തെറി നടന്ന ഒരു കെട്ടിടത്തിന്റെ ചിത്രം ഇറാന്റെ ആണവോര്‍ജ സമിതി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തങ്ങളുടെ ആണവ കേന്ദ്രത്തിലേക്കുള്ള ആക്രമണം രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഇതേ കുറിച്ച് ടെഹ്‌റാന്‍ സിവില്‍ ഡിഫന്‍സ് ചീഫ് ഘോളമെസ്ര ജലാലി മുന്നറിയിപ്പു നല്‍കി. ടെഹ്‌റാന്റെ അധീനതയിലുള്ള മാധ്യമം 'ഐആര്‍എന്‍എ'യില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആണവകേന്ദ്രത്തിലുണ്ടായ സൈബര്‍ അട്ടിമറിയ്ക്കു പിന്നില്‍ ഇസ്രായേലിനെയും അമേരിക്കയെയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ ഇതുവരെയും പ്രതിസന്ധി ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ അധികാരപരിധിയിലേക്ക് സിയോണിസ്റ്റ് ഭരണകൂടവും അമേരിക്കയും കടന്നുകയറുകയാണെങ്കില്‍ ആ നയം തങ്ങള്‍ പിന്‍വലിക്കുമെന്നും ലേഖനം മുന്നറിയിപ്പു നല്‍കി.

 ഇറാനിലെ ആണവകേന്ദ്രത്തില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ഒരു കുവൈത്തി പത്രത്തെ ഉദ്ധരിച്ച് ദി ടൈസ് ഓഫ് ഇസ്രായേല്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. അതില്‍ ഒന്ന് നതാന്‍സിലെ പൊട്ടിത്തെറിയാണ്. മറ്റൊന്ന് ഒരു മിസൈല്‍ ഉല്പാദന കേന്ദ്രത്തിലും. വെള്ളിയാഴ്ച ഇസ്രായേല്‍ എഫ് 35 ഒളിവിമാനമുപയോഗിച്ച് പാര്‍ച്ചിനിലെ മിസ്സൈല്‍ ഉല്പാദന കേന്ദ്രത്തിലും ബോംബിരുന്നു. എന്നാല്‍ ഈ രണ്ട് ആരോപണവും ഇസ്രായേല്‍ നിഷേധിച്ചു.

നതാന്‍സ് ആണവ കേന്ദ്രം ഇതാദ്യമല്ല സൈബര്‍ ആക്രമണത്തിന് വിധേയമാകുന്നത്. 2010 ല്‍ സ്റ്റുക്‌സ്‌നെറ്റ് എന്ന പേരിലുള്ള ഒരു വൈറസ് ഉപയോഗിച്ച് അമേരിക്കയും ഇസ്രായേലും ഈ കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തിനു പുറത്തുപ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രം യുഎന്‍ നിരീക്ഷണത്തിലെത്തിയതും അതിനു ശേഷമാണ്. 

Similar News