അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: വ്യവസായിയില്‍ നിന്നും അഞ്ച് കോടി രൂപ കൈക്കൂലി ചോദിക്കുകയും 20 ലക്ഷം രൂപ വാങ്ങുകയും ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഒഡീഷ യൂണിറ്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ചിന്തന്‍ രഘുവംശിയാണ് അറസ്റ്റിലായത്. 2013 ബാച്ച് ഇന്ത്യന്‍ റെവന്യു സര്‍വീസ് ഉദ്യോഗസ്ഥനായ ഇയാള്‍ ഇടനിലക്കാരന്‍ വഴിയാണ് വ്യവസായിയായ രതികാന്ത റൗത്തില്‍ നിന്നും കൈക്കൂലി ചോദിച്ചത്. അഞ്ച് കോടിയാണ് ചോദിച്ചതെങ്കിലും രണ്ടു കോടിയില്‍ ധാരണയിലെത്തി. ആദ്യഗഢുവായി 50 ലക്ഷമാണ് ചോദിച്ചത്. ഇതോടെ രതികാന്ത സിബിഐയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിബി ഐ ഒരുക്കിയ കെണിയില്‍ ഇടനിലക്കാരന്‍ വീഴുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതി റിമാന്‍ഡ് ചെയ്തു. ധെന്‍കല്‍ പ്രദേശത്ത് പാറമട നടത്തുന്നയാളാണ് രതികാന്ത. 2020ല്‍ ഇഡി ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. തുടര്‍ന്ന് സമന്‍സ് അയച്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. ഭഗ്തി എന്നയാളെ കണ്ടാല്‍ ആശ്വാസം ലഭിക്കുമെന്നാണ് ചിന്തന്‍ രഘുവംശി പറഞ്ഞത്. ഈ ഭഗ്തിയായിരുന്നു ഇടനിലക്കാരന്‍.