ആരോഗ്യ ഐഡി: പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ദിവസങ്ങള്‍ മാത്രം; സമയപരിധി അപര്യാപ്തമെങ്കിലും അവസരമുപയോഗപ്പെടുത്തുക

Update: 2020-09-01 19:13 GMT

ആരോഗ്യ ഐഡി തയ്യാറാക്കുന്നതിന്റെ ഭാഗമായി ആരോഗ്യനയത്തില്‍ അഭിപ്രായം പറയാനുള്ളവര്‍ക്ക് വേണ്ടത്ര സമയം നല്‍കാതെ ധൃതിയില്‍ തീരുമാനമെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. ദേശീയ ആരോഗ്യ മിഷനാണ് പുതിയ ആരോഗ്യ നയം തയ്യാറാക്കി പൊതുജനങ്ങളുടെ അഭിപ്രായത്തിന് വിട്ടത്. ആഗസ്റ്റ് 26ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം അഭിപ്രായം പറയാന്‍ നല്‍കിയിട്ടുള്ള സമയം സെപ്റ്റംബര്‍ മൂന്ന് വരെയാണ്, ആതായത് ഒരാഴ്ച. എന്നാല്‍ രാജ്യമാസകലം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി. ഒപ്പം മറ്റൊരു കളി കൂടി കേന്ദ്രസര്‍ക്കാര്‍ കളിച്ചു. സമയപരിധി സംബന്ധിച്ച് മാധ്യമങ്ങള്‍ കുപ്രചരണം നടത്തിയെന്നും അവര്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ പൗരന്‍മാര്‍ക്കായി കൊണ്ടുവരുന്ന ആരോഗ്യ ഐഡിയില്‍ നിരവധി വിവാദ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ ഐഡി തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയചായ്‌വും ലൈംഗിക താല്‍പര്യവും നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് നയത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ പൗരന്‍മാരുടെ ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും കൈമാറണം. ഐഡി ഉടമ കഴിക്കുന്ന മരുന്നുകള്‍, നേടിയ ചികില്‍സകള്‍, ലാബ് റിപോര്‍ട്ടുകള്‍, രോഗങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിക്കണം.

എന്നാല്‍ ധൃതിപിടിച്ച പ്രഖ്യാപനത്തിനെതിരേ വിമര്‍ശനം ഉയരുകയും ഇതുസംബന്ധിച്ച പത്രവാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തതോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം രംഗത്തുവന്നു. വാര്‍ത്ത പുറത്തുവിട്ട സ്‌ക്രോള്‍. ഇന്‍ എന്ന വെബ്‌സൈറ്റിനെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട് മന്ത്രാലയം കത്തയച്ചു. തങ്ങള്‍ ഒരാഴ്ചയല്ല, രണ്ടാഴ്ചയാണ് സമയമനുവദിച്ചതെന്ന് മന്ത്രാലയം വാദിച്ചു. പിന്നീട് നീട്ടി നല്‍കിയെന്നും അവകാശപ്പെട്ടു. തങ്ങള്‍ ആഗസ്റ്റ് 20നാണ് ജനങ്ങളുടെ അറിവിലേക്കായി നയത്തിന്റെ കരട് രേഖ വെബ്‌സൈറ്റ് വഴി പുറത്തുവിട്ടതെന്നാണ് മറ്റൊരു വാദം.

എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്‌ക്രോള്‍ ഇത് നിഷേധിച്ചു. മാത്രമല്ല, പൂര്‍ണ വസ്തുതകള്‍ പുറത്തുവിടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ആഗസ്റ്റ് 26ന് പുറത്തിറക്കിയ ഉത്തരവില്‍ ഒരാഴ്ചയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അത് പ്രകാരം സമയപരിധി സെപ്റ്റംബര്‍ 3 വരെയാണ്. ആഗസ്റ്റ് 20ന് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നയരേഖയുണ്ടെന്ന് അവകാശപ്പെട്ടത് കള്ളമാണ്. സര്‍ക്കാര്‍ അവകാശപ്പെടുന്നപോലെ ഒരു രേഖയും നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുമില്ല. എന്നാല്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സമയം അല്‍പ്പം കൂടി നീട്ടി സെപ്റ്റംബര്‍ 10 ആയി നിശ്ചയിക്കുകയായിരുന്നു. സമയപരിധി നീട്ടിയത് വാര്‍ത്ത പുറത്തുവന്നശേഷമാണ് താനും. എന്നാല്‍ നീട്ടി നല്‍കിയ സമയപരിധിയും അപര്യാപ്തമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനങ്ങളുടെ ആരോഗ്യസുരക്ഷയെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്ന ഇത്തരമൊരു നയം പാസ്സാക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ ആവശ്യമായ സമയം അനുവദിക്കാതെ ധൃതിപിടിക്കുന്നതെന്തിനാണെന്നാണ് ഉയര്‍ന്നുവന്നിട്ടുളള പ്രധാന വിമര്‍ശനം. അതും ഏറെ പ്രധാനമായ വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു നയം. ആധാര്‍ പോലുള്ള ഒരു സംവിധാനം ഉള്ളപ്പോള്‍ ആരോഗ്യ ഐഡി കൊണ്ട് എന്തുപ്രയോജനമെന്നാണ് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സസ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ടി സുന്ദരരാമന്‍ ചോദിക്കുന്നത്. കൊവിഡ് പോലുള്ള ഒരു മഹാമാരിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ തിരക്കുപിടിക്കുന്നതെന്തിനാണെന്നും അദ്ദേഹത്തെ പോലുള്ളവര്‍ ചോദിക്കുന്നു. സാധാരണ ഇത്തരം രേഖകള്‍ പൊതുജനങ്ങളുടെ അഭിപ്രായത്തിനു വിടുമ്പോള്‍ ഒന്നു മുതല്‍ 3 മാസം വരെയാണ് അഭിപ്രായ രൂപീകരണത്തിന് നല്‍കുന്നത്. ഇവിടെ ആദ്യം ഒരാഴ്ചയാണ് നല്‍കിയത്. പിന്നീട് രണ്ടാഴ്ചയായി വര്‍ധിപ്പിച്ചു. ഇത്രയും ധൃതിപിടിക്കുന്നതിനു പിന്നില്‍ കോര്‍പറേറ്റ് അജണ്ടയുണ്ടെന്നാണ് അദ്ദേഹത്തെ പോലുള്ള പലരും അഭിപ്രായപ്പെടുന്നത്. ഡിജിറ്റല്‍ രൂപത്തിലുള്ള ഇത്തരം രേഖകള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

ആധാര്‍ കേസില്‍ സര്‍ക്കാരിനെതിരേ ഹരജി കൊടുത്ത അഭിഭാഷകനായ എസ് പ്രസന്ന പറയുന്നത് ഇപ്പോഴത്തെ നീക്കം ജനാധിപത്യവിരുദ്ധമാണെന്നാണ്. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഒത്തു ചേരാന്‍ സാധ്യമല്ല, ഈ സാഹചര്യം ഉപയോഗിക്കുകയാണ് സകര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രസന്ന അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളുടെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ ഇല്ലാത്ത രാജ്യത്ത് ഇത് വലിയ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കുമ്പോഴാണ് വെറും ആഴ്ചകള്‍ക്കുള്ളില്‍ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നയങ്ങള്‍ പാസ്സായിവരുന്നത്. ഇതുപോലെ ഒരു വിവാദ ഉത്തരവ് ഏതാനും ആഴ്ചകള്‍ക്കു മുമ്പും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു, ദേശീയ വിദ്യാഭ്യാസ നയം. അതിനെതിരേ ഈ മഹാമാരിക്കിടയിലും 1.7 ദശലക്ഷം പ്രതികരണങ്ങളാണ് വന്നത്. പുതിയ ആരോഗ്യനയത്തിനെതിരേയും നാം പ്രതികരിക്കേണ്ടതുണ്ട്. അത് സുപ്രധാനമാണെന്നും നാം തിരിച്ചറിയണം. 

Tags:    

Similar News