സ്വര്‍ണ്ണക്കള്ളകടത്ത്: സ്വപ്‌ന സുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്- കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്‌ന സുരേഷ്.

Update: 2020-07-06 11:43 GMT

കോഴിക്കോട്: തിരുവന്തപുരം വിമാനത്താവളത്തിലെ വന്‍സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്‌ന സുരേഷ്.

സ്വര്‍ണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഐടി സെക്രട്ടറി ശിവശങ്കരനുമായി അടുത്ത ബന്ധമാണുള്ളത്. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നേരത്തെ 17 സ്ത്രീകളെ ഉപയോഗിച്ച് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസില്‍ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സ്വപ്‌ന സുരേഷ് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതമായ ചുമതലയിലെത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Tags: