കശ്മീരിന്റെ പ്രത്യേകഅവകാശം എടുത്തു കളഞ്ഞശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ പരാജയം

സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന സാഹചര്യത്തില്‍ സ്വതന്ത്രരും ബിജെപിയും തമ്മില്‍ നേരിട്ടായിരുന്നു മത്സരം. തെരഞ്ഞെുപ്പു ഫലം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടുള്ള ജനകീയപ്രതികരണമായി വേണം കണക്കാക്കാന്‍.

Update: 2019-10-25 10:46 GMT

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി പരാജയം രുചിച്ചത്. അതോടെ തെരഞ്ഞെുപ്പു ഫലം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടുള്ള ജനകീയപ്രതികരണവുമായി. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന സാഹചര്യത്തില്‍ സ്വതന്ത്രരും ബിജെപിയും തമ്മില്‍ നേരിട്ടായിരുന്നു മത്സരം.

സംസ്ഥാനത്തെ 316 ബ്ലോക്കുകളില്‍ 280 എണ്ണത്തിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 27 ബ്ലോക്കുകളിലെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വിജയിച്ചവരില്‍ 217 പേരും സ്വതന്ത്രരാണ്. ബിജെപി 81 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും രണ്ട് പേര്‍ മത്സരിച്ചു. ഒരാളുടെ നോമിനേഷന്‍ തള്ളിപ്പോയി. ഒരാള്‍ വിജയിച്ചു. ജമ്മുവില്‍ ഒരു സീറ്റ് കശ്മീര്‍ പാന്തേഷ്‌സ് പാര്‍ട്ടി കരസ്ഥമാക്കി.

ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ തീരുമാനിക്കാനായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വിവിധ ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ച്, സര്‍പഞ്ച്മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ജമ്മു-കശ്മീരിലെ മൊത്തം പ്രദേശത്തുംകൂടി 26629 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. അതില്‍ 8313 പേര്‍ സ്ത്രീകളും 18316 പേര്‍ പുരുഷന്മാരുമാണ്.

വില്ലേജ്, ബ്ലോക്ക്, ജില്ല തുടങ്ങി മൂന്നു തലത്തിലുള്ള പഞ്ചായത്തിരാജ് സംവിധാനത്തില്‍ വില്ലേജ് തലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞവര്‍ഷം നടന്നു. ബ്ലോക്ക് തലത്തിലേക്കാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പിഡിപിയും നാഷണല്‍ കോണ്‍ഫ്രറന്‍സും ബഹിഷ്‌കരിക്കുകയും ചെയ്തു.

ഇത്തവണത്തെ തെരഞ്ഞെടുപ്പും പ്രമുഖ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. പിഡിപി, നാഷണല്‍ കോണ്‍ഫ്രറന്‍സ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.

കശ്മീരില്‍ 128 പേര്‍ വിജയിച്ചതില്‍ 109 പേര്‍ സ്വതന്ത്രരാണ്. 18 സ്ഥാനങ്ങള്‍ ബിജെപി നേടി. ലഡാക്കില്‍ 11 എണ്ണം ബിജെപി നേടിയപ്പോള്‍ സ്വതന്ത്രര്‍ 20 സീറ്റ് നേടി. ജമ്മു ഡിവിഷനിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല അവസ്ഥ. സ്വതന്ത്രര്‍ 307 സീറ്റ് നേടിയപ്പോള്‍ ബിജെപി 81 കൊണ്ട് തൃപ്തിപ്പെട്ടു. പാന്തേഷ്‌സ് പാര്‍ട്ടിക്ക് എട്ടും കോണ്‍ഗ്രസ്സിന് ഒന്നും സ്ഥാനങ്ങള്‍ ലഭിച്ചു. 

Tags:    

Similar News