കൊവിഡ് 19: മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയും ഫ്രാന്‍സും

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരുടെ എണ്ണമാവട്ടെ 1,75,000 കടന്നു.

Update: 2020-04-01 02:27 GMT

വാഷിങ്ടണ്‍: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരുടെ എണ്ണമാവട്ടെ 1,75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 290 പേര്‍ മരിച്ചു. ഇതില്‍ ഭൂരിപക്ഷവും മരിച്ചത് ന്യൂയോര്‍ക്കിലാണ്. ഇതോടെ കൊവിഡ് 19 ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച നാലാമത്തെ രാജ്യമായി അമേരിക്ക. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 12,730 പേര്‍ക്കാണ് അമേരിക്കയില്‍ പുതിയതായി രോഗം ബാധിച്ചത്.

ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 പേര്‍ മരിച്ചു. ഇവിടെ ഇതോടെ മരിച്ചവുടെ എണ്ണം 3523 ആയി ഉയര്‍ന്നു. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,249 ആയി. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 837 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 12,428 ആയി. സ്പെയിനില്‍ 553 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണസംഖ്യ 8,269 ആയി. ചൈനയില്‍ പുതിയതായി അഞ്ച് പേര്‍ മാത്രമാണ് മരിച്ചത്. 3305 പേരാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. അതേസമയം, ചൈന കണക്കുകള്‍ മറച്ചുവെച്ചതാണെന്നും യഥാര്‍ത്ഥ മരണസംഖ്യ പുറത്തുവിട്ടതിനേക്കാള്‍ എത്രയോ മടങ്ങാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങള്‍ വിവിധങ്ങളായ പദ്ധതികളാണ് തയ്യാറാക്കി നടപ്പില്‍വരുത്തി കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ ഒരു മാസം വരുന്ന കര്‍ശനമായ ലോക്ക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

Tags: