കൊറോണ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 14 ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടി

ഔദ്യോഗിക വിവരങ്ങള്‍ക്ക് വിരുദ്ധമായ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും വിവര പ്രക്ഷേപണ മന്ത്രി മുഹമ്മദ് അല്‍ ജാബിരി വ്യക്തമാക്കി.

Update: 2020-03-16 17:43 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 14 ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കാന്‍ വിവര , പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമ നിയന്ത്രണ നിയമത്തിലെ 8/2016 ആം വകുപ്പ് പ്രകാരമാണ് നടപടി. വിവര പ്രക്ഷേപണ മന്ത്രി മുഹമ്മദ് അല്‍ ജാബിരിയാണ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക വിവരങ്ങള്‍ക്ക് വിരുദ്ധമായ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയായിരുന്നു. കൊറോണ ബാധ നേരിടുന്നതിനു സര്‍ക്കാര്‍ നടത്തി വരുന്ന ശ്രമങ്ങള്‍ക്ക് പ്രതികൂലമായി ബാധിക്കുന്നതിനും ജനങ്ങളില്‍ ആശയകുഴപ്പം ശൃഷ്ടിക്കുന്നതിനും ഇത്തരം പ്രചരണങ്ങള്‍ കാരണമായതായും മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തുന്നതോ രാജ്യതാല്‍പര്യങ്ങള്‍ക്ക് ഹാനികരമായതോ ആയ യാതൊന്നും വെച്ചു പുലര്‍ത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രാജ്യം കടന്നു പോകുന്ന അസാധാരണ സാഹചര്യത്തില്‍ ഉത്തരവാദിത്തബോധത്തോടെ എല്ലാവരും പെരുമാറണമെന്നും ഭരണാധികാരികളുടെയും പൗരന്‍മാരുടേയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

Tags:    

Similar News