ഉല്ലാസയാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവര്‍; കോന്നിയിലെ കൂട്ട അവധിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്

Update: 2023-02-16 05:48 GMT

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കി. ലാന്റ് റവന്യൂ കമ്മീഷണര്‍ക്കാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഔദ്യോഗികമായി അവധിയെടുത്തവരാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നാണ് കലക്ടറുടെ കണ്ടെത്തല്‍. അവധിയെടുത്തതില്‍ ചട്ടലംഘനമില്ലെന്നാണ് റിപോര്‍ട്ട്. അവധിയെടുത്തത് അനധികൃതമായല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. മുമ്പ് പ്രാഥമിക അന്വേഷണം നടത്തി എഡിഎം നല്‍കിയ റിപോര്‍ട്ടില്‍ ചട്ടലംഘനം നടന്നെന്ന് കണ്ടെത്തിയിരുന്നു.

സര്‍ക്കാര്‍ ഓഫിസില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട അവധിയെടുക്കുന്നതിന് നിലവില്‍ നിയമതടസമില്ല. എന്നാല്‍, ഉദ്യോഗസ്ഥരുടെ കൂട്ട അവധി ഓഫിസിലെത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കലക്ടറുടെ റിപോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശയുണ്ട്. ഫെബ്രുവരി 10ന് കൂട്ട അവധിയെടുത്ത താലൂക്ക് ഓഫിസ് ജീവനക്കാരുടെ വിനോദയാത്ര നേരത്തെ വിവാദമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഓഫിസില്‍ നിന്നും അവധിയെടുത്ത് ജീവനക്കാര്‍ മൂന്നാറിലേക്ക് വിനോദയാത്ര പോയത്.

കൂട്ട അവധിയെ തുടര്‍ന്ന് താലൂക്ക് ഓഫിസിലെത്തിയ നിരവധി പേര്‍ ബുദ്ധിമുട്ടിയിരുന്നു. ഇതുസംബന്ധിച്ച പരാതികളെ തുടര്‍ന്ന് കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാര്‍ താലൂക്ക് ഓഫിസില്‍ സന്ദര്‍ശനം നടത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ അവധി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News