ഇ പി ജയരാജനെതിരായ വധശ്രമക്കേസ്; മൊഴി നല്‍കാന്‍ ഹാജരാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

Update: 2022-07-25 18:29 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലിസിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വലിയതുറ സ്‌റ്റേഷന്‍ ഓഫിസര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും രേഖാമൂലം മറുപടി നല്‍കിയത്. ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരത്ത് മൊഴി നല്‍കാനെത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഫര്‍സിന്‍ മജീദും നവീന്‍ കുമാറും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ജാമ്യവ്യവസ്ഥകളില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉള്ളതിനാലാണ് മൊഴി നല്‍കാന്‍ ഹാജരാവാത്തതെന്ന് ഇരുവരും പറഞ്ഞു.

നാളെയും മറ്റന്നാളുമായി ഹാജരാവാനായിരുന്നു ഇവരോട് പോലിസ് ആവശ്യപ്പെട്ടത്. ഇന്‍ഡിഗോ വിമാനത്തിലെ സംഘര്‍ഷത്തില്‍ ഇ പി ജയരാജനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പേഴ്‌സനല്‍ സ്റ്റാഫിനെയും പ്രതിചേര്‍ക്കണം. വലിയതുറ പോലിസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവിട്ടിരുന്നത്.

ഇ പി ജയരാജന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം സുനീഷ്, ഗണ്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. ഈ പരാതിയിന്‍മേലാണ് ഇ പി ജയരാജനെതിരേ കോടതി നിര്‍ദേശപ്രകാരം പോലിസ് കേസെടുത്തത്. വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരേ മാത്രമായിരുന്നു ആദ്യം പോലിസ് കേസെടുത്തിരുന്നത്. വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്‍ഡിഗോ എയര്‍ലെന്‍സ് ജയരാജന് മൂന്നാഴ്ചത്തെയാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News