അംബേദ്കര്‍ പ്രതിമ: ക്ഷണിതാക്കളെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിലാസ്ഥാപനച്ചടങ്ങ് മാറ്റിവച്ചു

Update: 2020-09-18 13:05 GMT

മുംബൈ: ഡോ. അംബേദ്കറുടെ 450 അടി പ്രതിമയുടെ ശിലാസ്ഥാപനച്ചടങ്ങ് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിവച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അംബേദ്ക്കറുടെ കുടുംബാഗങ്ങളെയും ഒഴിവാക്കിയതിനെ ചൊല്ലിയുടെ വിവാദമാണ് അവസാന നിമിഷം പരിപാടി മാറ്റിവയ്ക്കുന്നതിന് കാരണമായത്. ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മഹാരാഷ്ട്ര വികാസ് അഗാദി (എംവിഎ)യുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരാണ് പ്രതിമ ഉണ്ടാക്കാന്‍ തീരുമാനിച്ചത്.

ഇന്ന് നടക്കേണ്ടിയിരുന്ന പരിപാടിയില്‍ ഉദ്ദവ് താക്കറെയാണ് അധ്യക്ഷനാവേണ്ടിയിരുന്നത്. അജിത് പവാര്‍, നഗരവികസന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ടൂറിസം മന്ത്രി ആദിത്യ താക്കറെ തുടങ്ങിയവരെയും പരിപാടിയില്‍ ക്ഷണിച്ചിരുന്നു.

ഡോ. അംബേദ്കറുടെ ചെറുമകനായ പ്രകാശിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മറ്റൊരു കൊച്ചുമകന്‍ ആനന്ദരാജിന് അവസാന നിമിഷം ക്ഷണം ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെയും ബിജെപിയുടെ പ്രവീണ്‍ ദാരേക്കറിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

പദ്ധതിയുടെ നിര്‍മാണ ജോലിയുടെ ഗുണനിലവാരത്തെക്കുറിച്ച് നിരവധി എതിര്‍പ്പുകള്‍ പലരും ഉയര്‍ത്തിയിട്ടുണ്ട്. അംബേദ്ക്കറുടെ ചെറുമകന്‍ ആനന്ദരാജ് അംബേദ്കര്‍ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇത്ര ബ്രഹത്തായ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതില്‍ ആനന്ദ് രാജ് അംബേദ്കര്‍ ആശങ്കപ്രകടിപ്പിക്കുകയും ചെയ്തു.

മുംബൈ മെട്രോപോളിറ്റന്‍ റീജിനല്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് പ്രതിമ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

350 അടി ഉയരമുള്ള പ്രതിമയും 100 അടിയുള്ള തറയും അടക്കം 450 അടി വരുന്ന പ്രതിമ നിര്‍മിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്ട്ര കാബിനറ്റ് അനുമതി നല്‍കിയിരുന്നു. ആകെ 1,089.95 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 765.05 കോടിയായിരുന്നു.

ആദ്യ നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. പിന്നീടത് മുടങ്ങി. ഏപ്രില്‍ 2022ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.  

Similar News