ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 കുട്ടികള്‍ക്ക് വിളമ്പുന്ന വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ ഏറ്റവും പിന്നാക്ക പ്രദേശമാണ് സോന്‍ഭദ്ര ജില്ല. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണമാണ് പല കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന ഏക പോഷകാഹാരം.

Update: 2019-11-29 05:44 GMT

ലക്ക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഒരു സ്‌കൂളില്‍ നിന്ന് പകര്‍ത്തിയതാണ് വീഡിയോ. സ്‌കൂളിലെ പാചകക്കാരി ഒരു ലിറ്റര്‍ പാക്കറ്റ് പാല്‍ ഒരു ബക്കറ്റ് വൈള്ളത്തിലേക്ക് ഒഴിക്കുന്നതും അത് കുട്ടികള്‍ക്ക് സ്റ്റീല്‍ ഗ്ലാസുകളിലാക്കി പകര്‍ന്നു നല്‍കുന്നതുമാണ് വീഡിയോയില്‍. അന്ന് സ്‌കൂളിലെത്തിയ 81 കുട്ടികള്‍ക്കാണ് അത് പകര്‍ന്നു കൊടുത്തത്. സ്ഥലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ തന്നെയാണ് വീഡിയോ എടുത്തതും പങ്കുവച്ചതും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാല് കൊടുക്കാന്‍ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ ഏറ്റവും പിന്നാക്ക പ്രദേശമാണ് സോന്‍ഭദ്ര ജില്ല. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണമാണ് പല കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന ഏക പോഷകാഹാരം.

സോന്‍ഭദ്ര ജില്ലയിലെ ചോപനിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ 171 കുട്ടികളാണ് ഉള്ളത്. പാല് കൊടുത്ത ദിവസം 81 കുട്ടികള്‍ എത്തിയിരുന്നു.

ഉച്ചഭക്ഷണപദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിനുശേഷമാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ റൊട്ടിയില്‍ ഉപ്പ് ചേര്‍ത്ത് തിന്നുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്.

വീഡിയോ പുറത്തുവന്ന ദിവസം തന്നെ കൂടുതല്‍ പാല് സ്‌കൂളിലെത്തിച്ചുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ പാല് അവിടെ എത്താതിരുന്നതെന്ന് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ അന്നേ ദിവസം അവിടെ പാല് ആവശ്യത്തിനുണ്ടായിരുന്നുവെന്നാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ മുകേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പ്രദേശത്തു നിന്നു തന്നെ ആവശ്യമായ അളവില്‍ പാല് കിട്ടാത്തതുകൊണ്ടാണ് പാക്കറ്റ് പാല് ഉപയോഗിക്കുന്നത്. അവിടെ ആവശ്യത്തിന് പാല് ഉണ്ടായിരുന്നു. പിന്നീട് അത് കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. അതേകുറിച്ച് താന്‍ അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാചകക്കാരി ഫൂല്‍വന്ദി അത് നിഷേധിച്ചു. തനിക്ക് ഒരു പാക്കറ്റ് പാല് മാത്രമാണ് നല്‍കിയതെന്നും അതുകൊണ്ടാണ് അതില്‍ വെള്ളം ചേര്‍ത്തതെന്നും അവര്‍ പറഞ്ഞു. ഒരുപക്ഷേ, സ്‌കൂൡ കൂടുതല്‍ പാല് ഉണ്ടായിരുന്ന കാര്യം പാചകക്കാരിക്ക്് അറിയുമായിരിക്കില്ലെന്ന് സ്‌കൂളിലെ ഒരു അധ്യാപകന്‍ ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം മറ്റൊരു വിദ്യാഭ്യാസ ഓഫിസറായ ഗോരഖ്‌നാഥ് പട്ടേല്‍ കൂടുതല്‍ പാല് ഉണ്ടായിരുന്നുവെന്ന വാദം തള്ളി. പാല് ഇല്ലെന്ന കാര്യം സ്‌കൂളുകാര്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് ബാക്കി അളവില്‍ വെളളം ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്. ബാക്കി പാല് വാങ്ങാന്‍ അധ്യാപകര്‍ പോകുന്നതിനിടയിലാണ് ചിത്രം എടുത്തത്. അതേകുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുപിയിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി എന്നും വിവാദങ്ങളുടെ കേന്ദ്രമായിരുന്നു.  

Tags:    

Similar News