മുംബൈയിലെ ബാട്യ ആശുപത്രിയിലെ മലയാളി നഴ്സുമാരുടെ ആശങ്ക; കെ.സുധാകരന് എം.പി മഹാരാഷ്ട്ര സര്‍ക്കാറുമായി ബന്ധപ്പെട്ടു
മുംബൈ: മുംബൈയിലെ ബാട്യ ആശുപത്രിയിലെ കൊറോണ ബാധ സ്ഥിരീകരിച്ചതു മൂലം ആശങ്കയിലായ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങള്‍ കെ.സുധാകരന് എം.പി മഹാരാഷ്ട്ര സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഇവിടെ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പതിനാല് ജീവനക്കാര്‍ക്കും രോഗമുണ്ട്. ഇതില്‍ നാല് പേര് കേരളത്തില്‍ നിന്നുള്ളവരാണ്.
രോഗം സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം വരെ നോണ്‍ കൊറോണ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഈ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് പരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും യാതൊരു വിധത്തിലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണണങ്ങളും ധരിച്ചിരുന്നില്ല.
നിലവില്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ ആശുപത്രിയുടെ പ്രധാന കവാടം അടയ്ക്കുകയും ഇവിടെയുള്ള 30 നഴ്സുമാരെയും ചികിത്സയിലുള്ള രോഗികളെയും അകത്ത് തന്നെ നിലനിര്‍ത്തി ഗെയ്റ്റ് അടച്ചുപൂട്ടിയിരിക്കുകയാണ്.
നിലവില്‍ ആശുപത്രിയില്‍ ഉളള നഴ്സുമാര്‍ക്കോ മറ്റ് രോഗികള്‍ക്കോ യാതൊരുവിധ ക്വാറന്റീന് കെയറും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നില്ല.
അതുപോലെത്തന്നെ നിലവില്‍ അന്‍പതോളം ഓഫ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ സമീപപ്രദേശങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിച്ച് വരികയാണ്. ഇവര്‍ക്കും സമീപവാസികളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിട്ട് വരികയാണ്.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്വാറന്റീന് സൗകര്യങ്ങള്‍ ഇവര്‍ക്ക് നല്‍കണമെന്നും കൊറോണ ബാധ സ്ഥിരീകരിച്ചവര്‍ക്ക് രോഗം സുഖപ്പെടുന്നതു വരെ എറ്റവും മികച്ച ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കെ.സുധാകരന് എം.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതുസംബന്ധിച്ച കത്തും നല്കി.