മദ്യനയംമാറ്റാന്‍ രണ്ടര ലക്ഷം വീതം കോഴ; ബാറുടമ നേതാവിന്റെ ശബ്ദരേഖ വിവാദത്തില്‍

Update: 2024-05-24 05:18 GMT

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി മാറ്റാന്‍ ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുതിയ വിവാദത്തിന് തിരികൊളുത്തി. വ്യാഴാഴ്ച എറണാകുളത്ത് ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയിലാണ് സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലെ ശബ്ദസന്ദേശത്തില്‍ ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം രൂപ നല്‍കണമെന്നാണ് പറയുന്നത്. എന്നാല്‍, ആര്‍ക്കാണ് കൊടുക്കേണ്ടതെന്ന് കൃത്യമായി പറയുന്നില്ല. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള മദ്യനയത്തില്‍ മാറ്റം വരുത്തുന്ന കാര്യമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിപക്ഷവും ഏറ്റെടുത്തിട്ടുണ്ട്.

    നേരത്തേതന്നെ ഒരു ബാര്‍ ഹോട്ടലുകാരില്‍നിന്ന് രണ്ടരലക്ഷം രൂപവീതം പിരിക്കാന്‍ സംഘടന തീരുമാനിച്ചിരുന്നെങ്കിലും പലരും പിരിവുനല്‍കിയില്ലെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ പണം നല്‍കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് 900ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനുപിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. നേരത്തേ, കെ എം മാണി ധനമന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കാന്‍ ഉടമകളോട് കോഴ ചോദിച്ചെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം വന്‍ കോളിളക്കമുണ്ടാക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. സമാനരീതിയിലുള്ള കോഴ ഇടപാടാണ് ഇപ്പോഴും നടക്കുന്നതെന്നാണ് ശബ്ദസന്ദേശത്തില്‍നിന്ന് വ്യക്തമാവുന്നത്. ടൂറിസംമേഖലയുടെ പേരുപറഞ്ഞ് എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നിലെത്തിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസംചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലും നിരവധി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചിരുന്നു. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പുന്നതിനും തീരുമാനമായിട്ടുണ്ട്. ഇതിനിടെയാണ് മദ്യനയത്തില്‍ കോഴ ആരോപണം പുറത്തുവരുന്നത്.

Tags:    

Similar News