മലപ്പുറം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു

കാര്‍ഡ് വിതരണം നടക്കുന്നത് പൊലീസിന്റെ നേതൃത്വത്തില്‍

Update: 2020-04-05 16:31 GMT

മലപ്പുറം: കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാന  തൊഴിലാളികള്‍ക്കുള്ള പ്രത്യേക തൊഴില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ജില്ലയില്‍ ആരംഭിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തമായ വിവരശേഖരണത്തിനുമായി പൊലീസിന്റെ നേതൃത്വത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് അതത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇതര സംസ്ഥാന  തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ ആധാര്‍ നമ്പറും സംസ്ഥാനത്തെ മേല്‍വിലാസവും സ്വന്തം നാട്ടിലെ മേല്‍വിലാസവും ഫോണ്‍ നമ്പറും പോലീസ് സ്‌റ്റേഷന്‍ പരിധി സംബന്ധിച്ചുള്ള വിവരങ്ങളുമാണുള്ളത്.

കാര്‍ഡ് വിതരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 68 ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ സഹായിക്കാന്‍ ക്രൈം ബ്രാഞ്ചിലെ രണ്ട് ഡി.വൈ.എസ്.പിമാരും വിജിലന്‍സ് ഡി.വൈ.എസ്.പിയും അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 80 പൊലീസ് ഓഫീസര്‍മാരും പരിശീലനത്തിലുള്ള 230 പൊലീസ് ഉദ്യോഗസ്ഥരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

Similar News