ഹര്‍ത്താലനുകൂലികള്‍ക്കെതിരേ പോലിസിന്റെ കടുത്ത നടപടി തുടരുന്നു

പലയിടങ്ങളിലും പോലിസ് ലാത്തി വീശി ഓടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്താകെ സര്‍ക്കാര്‍ കനത്ത തോതില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

Update: 2019-12-17 03:35 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോലിസ് നടപടി വ്യാപകമാവുന്നു. പ്രതിഷേധിക്കാനും റോഡ് ഉപരോധിക്കാനുമെത്തിയ സമരാനുകൂലികളെ പലയിടങ്ങളിലും പോലിസ് ലാത്തി വീശി ഓടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്താകെ സര്‍ക്കാര്‍ കനത്ത തോതില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

പാലക്കാട് റോഡ് ഉപരോധിക്കാനെത്തിയവരെ ലാത്തി വീശി ഓടിച്ചു. തൃശൂരില്‍ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവയിലും വാളയാറിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ ചെറിയ തോതില്‍ കല്ലേറുണ്ടായി.

ഹര്‍ത്താന്‍ ആഹ്വാനം സര്‍ക്കാര്‍ കരുതല്‍ തടങ്കലിലൂടെയും പോലിസ് നടപടികളിലൂടെയും തടയാന്‍ ശ്രമിച്ചെങ്കിലും വിജയകരമായിരുന്നുവെന്നാണ് പൊതുവില്‍ ലഭിക്കുന്ന റിപോര്‍ട്ട്.

സമാധാനപരമായി പ്രതിഷേധിക്കാനും പ്രകടനം നടത്തുന്നതിലും വിലക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി പറഞ്ഞിരുന്നെങ്കിലും പ്രകടനം നടത്താനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ലാത്തി വീശുകയായിരുന്നു. പാലക്കാട് 25 പേരെയെങ്കിലും ഇന്ന് കസ്റ്റഡിയിലെുത്തിട്ടുണ്ട്. കണ്ണൂരില്‍ 60 പേരും ഇടുക്കിയില്‍ അഞ്ചുപേരും കൊല്ലത്ത് 25 പേരും പത്തനംതിട്ടയില്‍ 40 പേരും അറസ്റ്റിലായിട്ടുണ്ട്. അടൂരില്‍ എസ്ഡിപിഐ അടൂര്‍ മേഖലാ പ്രസിഡന്റും ബിഎസ്പി അടൂര്‍ മണ്ഡലം പ്രസിഡന്റും കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയും അടക്കമുള്ളവരാണ് അറസ്റ്റിലായത്.

കണ്ണൂരില്‍ റോഡ് ഉപരോധിച്ചവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. സ്ത്രീകളക്കമുള്ളവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളുടെ അറസ്റ്റ് വികാരഭരിതമായ രംഗങ്ങള്‍ക്ക് കാരണമായി. കണ്ണൂരിലും കോഴിക്കോടും തൃശൂരും സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും ഇതുവരെ തുറന്നുതുടങ്ങിയിട്ടില്ല.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത അനുസരിച്ച് എ വാസു അറസ്റ്റിലായിട്ടുണ്ട്.

ഇന്നലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികളായ നിരവധി പേരെ പോലിസ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. മുവാറ്റുപഴയിലും തൃശൂരും എറണാകുളത്തും കോഴിക്കോടും മലപ്പുറത്തും വ്യാപക അറസ്റ്റ് നടന്നിട്ടുണ്ട്.  

Tags:    

Similar News